kasaragod local

ബീഫാത്തിമ ഇബ്രാഹിം ചെയര്‍പേഴ്‌സണ്‍; എല്‍ എ മഹമൂദ് ഹാജി വൈസ് ചെയര്‍മാന്‍

കാസര്‍കോട്: ലീഗിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച കാസര്‍കോട് നഗരസഭാ ചെയര്‍മാനായി ബീഫാത്തിമ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി മുസ്‌ലിംലീഗിലെ എല്‍ എ മഹമൂദ് ഹാജിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ 11ന് നടന്ന ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ പേര് എല്‍ എ മഹമൂദ് ഹാജി നിര്‍ദ്ദേശിച്ചു. കെ എം അബ്ദുര്‍റഹ്മാന്‍ പിന്താങ്ങി. ബിജെപിയിലെ സവിതയുടെ പേര് ശ്രീലത ടീച്ചര്‍ നിര്‍ദ്ദേശിച്ചു.
സന്ധ്യഷെട്ടി പിന്താങ്ങി. പിന്നീട് നടന്ന വോട്ടെടുപ്പില്‍ ആകെയുള്ള 38 പേരില്‍ 35 പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി. സിപിഎം അംഗവും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലീഗ് റിബല്‍ റാഷിദ് പൂരണം ബീഫാത്തിമ ഇബ്രാഹിമിന് വോട്ട് ചെയ്തു. 21 വോട്ടുകള്‍ ബീഫാത്തിമ ഇബ്രാഹിമിനും 14 വോട്ടുകള്‍ സവിത ടീച്ചര്‍ക്കും ലഭിച്ചു.
നഗരസഭയിലെ 15ാം വാര്‍ഡായ കൊല്ലമ്പാടി ജനറല്‍ വാര്‍ഡില്‍ നിന്നാണ് ബീഫാത്തിമ ഇബ്രാഹിം ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടത്. 1995 മുതല്‍ കാസര്‍കോട് നഗരസഭാംഗമാണ്. 2000-05 കാലയളഴില്‍ നഗരസഭാ ചെയര്‍പേഴ്‌സനായിരുന്നു. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, തയ്യല്‍തൊഴിലാളി യൂനിയന്‍ (എസ്ടിയു) ജില്ലാ ഖജാഞ്ചി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദമായി നഗരസഭഗമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ മുന്‍പരിചയവും അനുഭവസമ്പത്തുമാണ് വീണ്ടും ചെയര്‍പേഴ്‌സനാകാന്‍ അവസരം ലഭിച്ചത്.
ബെദിര ചുടുവളപ്പില്‍ വീട്ടില്‍ പ്രവാസിയായ എം എച്ച് ഇബ്രാഹീമാണ് ഭര്‍ത്താവ്. മക്കള്‍: അബ്ദുല്‍നിസാര്‍, മൈമൂന, ശരീഫ്, അബ്ദുല്‍ ഹമീദ്, ഡോ. ആയിഷത്ത് നാസിയ. ചെയര്‍പേഴ്‌സണ്‍ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ. ഹമീദലി ഷംനാട്, ടി ഇ അബ്ദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ നിരവധി പേര്‍ സന്നിഹിതരായിരുന്നു.
വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എല്‍ എ മഹമൂദ് ഹാജി രണ്ടാംതവണയാണ് നഗരസഭാംഗമാവുന്നത്. കാസര്‍കോട് മണ്ഡലം ലീഗ് പ്രസിഡന്റ് കൂടിയാണ്. ചാലക്കുന്ന് 13ാം വാര്‍ഡില്‍ നിന്നാണ് ഇപ്രാവശ്യം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിനും 21 വോട്ടാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ പി രമേശിന് 14 വോട്ടുകള്‍ ലഭിച്ചു. സിപിഎം അംഗവും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലീഗ് റിബല്‍ റാഷിദ് പൂരണം എല്‍ എ മഹമൂദ് ഹാജിക്ക് വോട്ട് ചെയ്തു. എല്‍ എ മഹമൂദ് ഹാജിയുടെ മകള്‍ ഡോ. ആയിഷത്ത് സല്‍വാനയും നഗരസഭാംഗമാണ്.
Next Story

RELATED STORIES

Share it