ബീഡി ആമാശയാര്‍ബുദത്തിന് കാരണമാവുന്നതായി പഠനം

തിരുവനന്തപുരം: ബീഡി ആമാശയ അര്‍ബുദത്തിനു കാരണമാവുന്നതായി ആര്‍സിസിയുടെ പഠനറിപോര്‍ട്ട്. ബീഡിവലി സാധാരണയായി ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ അര്‍ബുദത്തിനു കാരണമാവുമെന്ന അറിവിനു പുറമെയാണ് പുതിയ കണ്ടുപിടിത്തം തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ നടത്തിയിരിക്കുന്നത്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപയോക്താക്കള്‍ക്ക് ആമാശയ സംബന്ധമായ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോ എന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ബീഡിയുടെ എണ്ണത്തെയും ഉപഭോഗ കാലാവധിയെയും ആശ്രയിച്ചാണ് ആമാശയ സംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിക്കുന്നതെന്ന് 'പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള ആമാശയ അര്‍ബുദ സാധ്യത' എന്ന പഠനം സൂചിപ്പിക്കുന്നു. 1990നും 2009നും ഇടയിലുള്ള കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30ഉം 84ഉം വയസ്സിന് ഇടയിലുള്ള 65,553 പുരുഷന്‍മാരെയാണ് പഠനവിധേയരാക്കിയത്.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേ ബീഡി ഉപഭോഗം ആരംഭിച്ചവരില്‍ 1.8 ശതമാനമാണ് ആമാശയ അര്‍ബുദത്തിനുള്ള ആപേക്ഷിക സാധ്യത. നിലവിലെ പഠനം ആമാശയ അര്‍ബുദ സാധ്യതയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ആര്‍സിസിയിലെ ഡോ. പി ജയലക്ഷ്മി പറഞ്ഞു. കരുനാഗപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വായ്, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിന് ബീഡി ഉപയോഗം കാരണമാവുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് ആശ്വാസമല്ല, ദുരിതങ്ങളാണ് ബീഡി സമ്മാനിക്കുന്നത്. തൊഴില്‍ മേഖലകളും ആമാശയ അര്‍ബുദ സാധ്യതയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. കര്‍ഷകരിലും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരിലുമായി 51ഉം മറ്റ് ഓഫിസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 28 ശതമാനം പേരിലും ഉള്‍പ്പെടെ പഠനകാലയളവിന്റെ അവസാനത്തില്‍ 116 പേരിലാണ് ആമാശയ അര്‍ബുദം കണ്ടെത്തിയത്.
ബീഡിയുടെയും മറ്റു പുകയില ഉല്‍പന്നങ്ങളുടെയും വ്യാപക ഉപയോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള അവബോധത്തോടൊപ്പം ഭാരിച്ച നികുതി ചുമത്തി പുകയിലയുടെ ഉപയോഗം കുറയ്ക്കണമെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it