Alappuzha local

ബീച്ച് ഫെസ്റ്റിവല്‍: ഒരുക്കങ്ങളായി

ആലപ്പുഴ: 30, 31 തിയ്യതികളിലായി നടക്കുന്ന ബീച്ച് ഫെസ്റ്റിന് ഒരുക്കങ്ങളായി. 30ന് ഭാരത് ഭവന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ നൃത്തോല്‍സവവും 31ന് സംഗീത വിരുന്നും വെടിക്കെട്ടും ഉണ്ടാവും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബീച്ച് ഫെസ്റ്റിവല്‍ സംബന്ധിച്ച് അന്തിമ കാര്യങ്ങള്‍ക്ക് രൂപം നല്‍കി.
30ന് മറ്റ് കലാപരിപാടികളും അരങ്ങേറും. 31ന് വൈകീട്ട് 6.30ന് കെ സി വേണുഗോപാല്‍ എംപി, ജില്ലാ കലക്ടര്‍, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ ന്യൂ ഇയര്‍ ആശംസകള്‍ നേരും. 31ന് നാടന്‍ പാട്ടോടെ 31 ലെ പരിപാടികള്‍ ആരംഭിക്കും. ന്യൂ ഇയര്‍ ആഘോഷം അതിരുവിടാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡിടിപിസി സെക്രട്ടറി സി പ്രദീപ്, നഗരസഭാംഗങ്ങളായ എ എം നൗഫല്‍, ജി മനോജ് കുമാര്‍, കരോളിന്‍ പീറ്റര്‍, മോളി ജേക്കബ് സംസാരിച്ചു.
ആലപ്പുഴ ബൈപാസിന്റെ ഭാഗമായുള്ള എലിവേറ്റഡ് ഹൈവേയുടെ പൈലിങ് ജോലികള്‍ നടക്കുന്നതിനാല്‍ ബീച്ച് റോഡില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഇത് ബീച്ച് ഫെസ്റ്റിവലിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ഇക്കുറി ബീച്ച് ഫെസ്റ്റിവല്‍ ഉപേക്ഷിക്കാന്‍ വരെ നീക്കമുണ്ടായിരുന്നു. വാഹന പാര്‍ക്കിങും ഇക്കുറി അവതാളത്തിലാവും.
മുല്ലയ്ക്കല്‍ ചിറപ്പുല്‍സവത്തിന്റെ തുടര്‍ച്ചയായി നടത്തിയിരുന്ന ഫെസ്റ്റിവല്‍ നഗരത്തിലെത്തുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ക്രിസ്മസ് പുതുവല്‍സര കാലത്ത് മുഖ്യ ആകര്‍ഷണമാണ്. അവധിയാഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ബീച്ചില്‍ ദൃശ്യമാണ്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികാരികള്‍ വീഴ്ചവരുത്തുന്നതായി ആക്ഷേപമുണ്ട്. ലൈഫ് ഗാര്‍ഡുകളുടെ കുറവാണ് പ്രധാന പ്രശ്‌നം. മൂന്നു വര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവിടെ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. നഗരവാസികളുടെ ഉല്‍സവദിനങ്ങളാണ് ബീച്ച് ഫെസ്റ്റിവല്‍ ദിനങ്ങള്‍.
Next Story

RELATED STORIES

Share it