ernakulam local

ബീച്ചുകള്‍ കേന്ദ്രീകരിച്ച് അനധികൃത നിര്‍മാണം വ്യാപകം

വൈപ്പിന്‍: വൈപ്പിനിലെ വിവിധ ബീച്ചുകള്‍ കേന്ദ്രീകരിച്ച് അനധികൃത നിര്‍മാണം വ്യാപകമാവുന്നതായി പരാതി. തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളടക്കമുള്ളവര്‍ക്ക് വീടുപോലും നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി കടപ്പുറംമുതല്‍ വടക്കോട്ട് കോണ്‍വെന്റ് കടപ്പുറം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് തീരപരിപാലന നിയമം ലംഘിച്ച് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വന്‍കിടക്കാരുടെ ഭൂമിയിലാണ് നിര്‍മാണം.
ബിനാമി പേരുകളില്‍ ഇവിടെ വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന് ഭൂമിയിലാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മാണം നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ പ്രദേശത്തെ പാവപ്പെട്ടവരായ മല്‍സ്യത്തൊഴിലാളികളും ഇതര തൊഴിലാളികള്‍ക്കും വീടുവയ്ക്കാന്‍ അനുമതി ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് വന്‍കിട നിര്‍മാണം.
പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും തുടരുന്ന നിര്‍മാണം കഴിഞ്ഞദിവസം പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ആദ്യം പഞ്ചായത്തിന്റെ മെമ്മോ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. എന്നാല്‍ പ്രദേശവാസികള്‍ തടസ്സം നിന്നതോടെ പഞ്ചായത്ത് ഓഫിസിലെത്തി ഇവര്‍ മെമ്മോ കൈപ്പറ്റിയിട്ടുണ്ട്. ഇത് കോടതിയില്‍ പോവാന്‍ വേണ്ടിയാണെന്നു സംശയിക്കുന്നു. ഇപ്പോള്‍ നിര്‍മാണം നിലച്ചിരിക്കുകയാണ്.
കോവിലകത്തുംകടവ് കടപ്പുറത്ത് ആറുമാസംമുമ്പ് പുഴയില്‍നിന്ന് മണലെടുത്ത് ഭൂമി നികത്തിയത് നാട്ടുകാര്‍— ചോദ്യംചെയ്തപ്പോള്‍ മുനമ്പം പോലിസ് എത്തി എക്‌സ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. നാട്ടുകാര്‍ക്കെതിരേയും കേസെടുത്തു. എന്നാല്‍ പിന്നീട് അതുസംബന്ധിച്ച് നടപടിയൊന്നുമുണ്ടായില്ല.
സീവാളിനോടു ചേര്‍ന്നും നേരത്തെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇവിടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് തീരപരിപാലന നിയമത്തിന്റെ പേരില്‍ നമ്പര്‍ ലഭിച്ചിട്ടില്ല. അതിനാല്‍ വൈദ്യുതിയോ വാട്ടര്‍ കണക്ഷനോ എടുക്കാനുമാവുന്നില്ല. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും ബീച്ചുകളില്‍ വന്‍കിടക്കാര്‍ ഭൂമി വാങ്ങിക്കൂട്ടകയും ടൂറിസത്തിന്റെ മറവില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയുമാണ്. ചെറിയ വീടും സ്ഥലവും വാങ്ങുന്ന ഇത്തരം വന്‍കിട മുതലാളിമാര്‍ പിന്നീട് ഇതിന്റെ ചുറ്റുവട്ടത്തുള്ള ഭൂമിയും വാങ്ങിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്. പാവപ്പെട്ട തദ്ദേശീയര്‍ക്ക് വീട് നിര്‍മിക്കാന്‍ തീരദേശപരിപാലന നിയമം പറയുന്ന അധികൃതര്‍ വന്‍കിടക്കാര്‍ നടത്തുന്ന കൈയേറ്റം കണ്ടില്ലന്ന് നടക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it