thiruvananthapuram local

ബീച്ചില്‍ മോഷണം പതിവ്; നാട്ടുകാരുടെ നേതൃത്വത്തില്‍ വെട്ടുകാട് -കൊച്ചുവേളി റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: കൊച്ചുവേളി ബീച്ചില്‍ മോഷണം പതിവായതിനെ തുടര്‍ന്നു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
മോഷണക്കേസുകളില്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണു നാട്ടുകാരുടെ നേതൃത്വത്തില്‍ വെട്ടുകാട്- കൊച്ചുവേളി റോഡ് ഉപരോധിച്ചത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്നു ഈ മേഖലയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.
ഏതാണ്ട് രണ്ടു മണിക്കൂറോളം നേരം നീണ്ട ഉപരോധത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും ഏറെ സമയം നിര്‍ത്തിയിട്ടു. മന്ത്രി വി എസ് ശിവകുമാറിന്റെയും ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണു ഉപരോധം അവസാനിപ്പിച്ചത്.
മല്‍സ്യതൊഴിലാളിയായ ക്ലെമന്റിന്റെ ബോട്ട് എഞ്ചിനാണു കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. ഒരു ലക്ഷം രൂപ വിലയുള്ള എഞ്ചിനാണു മോഷ്ടിച്ചത്. കൊച്ചുവേളി പള്ളിക്കു സമീപമുള്ള ബീച്ചില്‍ സൂക്ഷിച്ചിരുന്ന എഞ്ചിനാണ് മോഷ്ടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാലു തവണയാണു ക്ലെമന്റിന്റെ ഉടമസ്ഥയിലുള്ള വസ്തുക്കള്‍ മാത്രം മോഷണം പോവുന്നത്. എഞ്ചിന്‍, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, വല ഉള്‍പ്പടെയുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയാണു മോഷണം പോയത്.
രണ്ടു തവണയാണു എഞ്ചിന്‍ കാണാതാവുന്നത്. സ്ഥിരമായി എഞ്ചിന്‍ മോഷണം പോയിത്തുടങ്ങിയതോടെ സെക്കന്റ്ഹാന്‍ഡ് എഞ്ചിന്‍ വാങ്ങിയിരുന്നു. അതാണ് കഴിഞ്ഞദിവസം മോഷണം പോയത്. കെഎസ്എഫ്ഇയില്‍ നിന്നു ലോണെടുത്താണു ക്ലെമന്റ് മല്‍സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയത്. ഇവ മോഷണം പോയതോടെ ലോണ്‍ തിരിച്ചടക്കാനും സാധിച്ചില്ല. ഒടുവില്‍ ജപ്തി നോട്ടീസുമെത്തി. ജപ്തി പിന്‍വലിക്കണമെന്നും മോഷണത്തെക്കുറിച്ചു പോലിസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമാണു കെമ്ലന്റും നാട്ടുകാരും റോഡ് ഉപരോധിച്ചത്.
ഈ മേഖലയില്‍ മോഷണം പതിവാണെന്നും പോലിസ് ഇടപ്പെടുന്നില്ലെന്നുമാണു നാട്ടുകാര്‍ പറയുന്നത്. ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാമെന്നു മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. മോഷണത്തെക്കുറിച്ച് വലിയതുറ പോലിസ് അന്വേഷിക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it