Flash News

ബി.ജെ.പി മുന്നേറ്റം യു.ഡി.എഫ് സഹായത്തോടെ: എസ്ഡിപിഐ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയം യു.ഡി.എഫിന്റെ സഹായത്തോടെയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ബി.ജെ.പിയും യു.ഡി.എഫും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നേട്ടം കൈവരിച്ചത്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ ഘടകകക്ഷികള്‍ ഈ നിക്കത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കെപിസിസിയുടെ പ്രസ്താവനയില്‍ നിന്ന് തന്നെ ഇതിലുള്ള കുറ്റസമ്മതം പ്രകടമാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയുമായി ഉണ്ടായ ധാരണക്ക് കോണ്‍ഗ്രസ് കടുത്ത വില നല്‍കേണ്ടിവരും. രാജ്യം മുഴുവന്‍ ആര്‍.എസ്.എസിന്റെ അക്രമങ്ങളെ അപലപിച്ച് കൊണ്ടിരിക്കുമ്പോള്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണ മതേതര ചേരി ക്ഷയിപ്പിക്കാനും ബി.ജെ.പിക്ക് മാന്യത നേടിക്കൊടുക്കാനും മാത്രമേ ഉപകരിക്കുകയുള്ളു. തങ്ങളുടെ വളര്‍ച്ചക്ക് ഭീഷണിയാവുന്നു എന്നതുകൊണ്ടും മറ്റുള്ളവരില്‍ വര്‍ഗ്ഗീയത ആരോപിക്കുന്ന ഇടത്‌വലത് നിലപാട് ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നത്. മത രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും ജമാഅത്ത് ഇസ്്‌ലാമി നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ധാരണയുണ്ടാക്കിയ ഇടത് വലത് കക്ഷികള്‍ വര്‍ഗ്ഗീയതയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വംശിയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ രംഗം കീഴടക്കുമ്പോള്‍ മതേതര കക്ഷികളുടെ ഐക്യത്തിന് പ്രസക്തി വര്‍ദ്ധിച്ച് വരുകയാണ്. ബിഹാറിലെ മഹാജനസഖ്യത്തിന്റെ വിജയം പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. കടുത്ത ആരോപണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമിടയിലും എസ്ഡിപിഐ മുന്നോട്ട് വെച്ച ജനപക്ഷ രാഷ്ട്രീയത്തിന് പിന്തുണ നല്‍കിയ മുഴുവന്‍ വോട്ടര്‍മാരെയും സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. പാര്‍ട്ടി മുന്നോട്ട് വെക്കുന്ന അഴിമതി വിരുദ്ധ മതേതര മുന്നേറ്റത്തിന് ലഭിച്ച അംഗീകരമാണ് എസ്ഡിപിഐയുടെ വിജയമെന്നും സെക്രട്ടറിയേറ്റി വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ്, എം.കെ മനോജ്കുമാര്‍, എ.കെ സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് യഹിയ തങ്ങള്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ നാസറുദ്ദീന്‍ എളമരം, എ.കെ അബ്ദുല്‍ മജീദ്, പികെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it