Flash News

ബിഹാറില്‍ വീണ്ടും പരീക്ഷാ വിവാദം



പട്‌ന: ബിഹാറില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി വിവാദത്തില്‍. താന്‍ പഠിച്ച വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കുപോലും ശുദ്ധ അബദ്ധമായിരുന്നു ഇയാളുടെ മറുപടി. ടിവി ചാനല്‍ നടത്തിയ അഭിമുഖത്തില്‍, ലതാമങ്കേഷ്‌കര്‍ ആരാണെന്ന ചോദ്യത്തിന് “മൈഥിലി കോകില’ എന്നായിരുന്നു ഉത്തരം. നാടന്‍പാട്ടുകാരി ശാരദാ സിന്‍ഹയുടെ വിശേഷണമാണ് ഇയാള്‍ ലതാമങ്കേഷ്‌കറിന് ചാര്‍ത്തിക്കൊടുത്തത്. ജാര്‍ഖണ്ഡില്‍ നിന്ന് ഉപജീവനമാര്‍ഗം തേടിയെത്തിയ 24കാരനായ ഗണേശ് കുമാറാണ് ബിഹാറിന്റെ 12ാംക്ലാസ് പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 82.6 ശതമാനം നേടി വിജയിച്ചത്. 70ല്‍ 65 മാര്‍ക്ക് നേടിയ സംഗീതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുതന്നെ അബദ്ധങ്ങളായിരുന്നു മറുപടി. രാംനന്ദന്‍ സിങ് ജഗ്ദീപ് നാരായണ്‍ വിദ്യാലയത്തില്‍ നിന്നു വിജയിച്ച ഇയാള്‍ വിവാദ നായകനായതോടെ സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് മാറ്റിവച്ചതായാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. എന്നാല്‍, ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ക്രമപ്രകാരമാണു നടന്നതെന്നു സംസ്ഥാന വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി, മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. മാധ്യമങ്ങള്‍ എപ്പോഴും തെറ്റു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാറിനോട് ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകന്‍ വലിയ സംഗീതജ്ഞനാണോ എന്നുമായിരുന്നു അശോക് ചൗധരിയുടെ പ്രതികരണം.
Next Story

RELATED STORIES

Share it