ബിഹാറില്‍ മഹാജയം

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് കക്ഷികളടങ്ങിയ മഹാസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 243 അംഗ നിയമസഭയില്‍178 സീറ്റ് നേടിയാണ് നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടിയത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് കേവലം 58 സീറ്റ് മാത്രമാണ് നേടാനായത്. മറ്റുള്ളവര്‍ ഏഴ് സീറ്റ് നേടി. വോട്ടെണ്ണിത്തുടങ്ങിയ ആദ്യമണിക്കൂറുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി ലഡു വിതരണം ചെയ്തും പടക്കംപൊട്ടിച്ചും ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. എന്നാല്‍, പിന്നീട് മഹാസഖ്യം മുന്നേറിയതോട, ലഡു വിതരണം പാര്‍ട്ടി നേതാവ് എല്‍ കെ അഡ്വാനിയുടെ ജന്മദിനാഘോഷങ്ങളുടെ അക്കൗണ്ടിലേക്ക് ബിജെപി മാറ്റുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ പരാജയം ഏറ്റുവാങ്ങിയ ആര്‍ജെഡിയും ജെഡിയുവും ശക്തമായ തിരിച്ചുവരവാണു നിയമസഭാതിരെഞ്ഞടുപ്പില്‍ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നിതീഷ്‌കുമാറും ലാലുപ്രസാദ് യാദവും ഒന്നിച്ചത്. 101 സീറ്റില്‍ മല്‍സരിച്ച ലാലുവിന്റെ ആര്‍ജെഡി 80 സീറ്റ് നേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

101 സീറ്റില്‍ തന്നെ മല്‍സരിച്ച ജെഡിയുവാണ് 71 സീറ്റുമായി രണ്ടാംസ്ഥാനത്ത്. 41 സീറ്റില്‍ മല്‍സരിച്ച മഹാസഖ്യത്തിലെ ഘടകകക്ഷിയായ കോണ്‍ഗ്രസ്സും നില മെച്ചപ്പെടുത്തി. കഴിഞ്ഞ നിയമസഭയില്‍ നാല് സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 27 സീറ്റ് നേടി. 2010ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് കേവലം 22 എംഎല്‍എമാരെ മാത്രമാണ് ജയിപ്പിക്കാനായിരുന്നത്. കഴിഞ്ഞ തവണ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കിയായിരുന്നു മല്‍സരിച്ചത്. നരേന്ദ്ര മോദിയെ എന്‍ഡിഎയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്നാണ് ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യം വേര്‍പിരിഞ്ഞത്.എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി 53 സീറ്റ് നേടി. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപി യും ആര്‍എല്‍എസ്പിയും രണ്ടു വീതം സീറ്റിലും മുന്‍ മുഖ്യമന്ത്രി ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞ നിയമസഭയില്‍ 91 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 38 സീറ്റ് നഷ്ടമായി. രണ്ടു മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടിയ മാഞ്ചി ഇമാംഗഞ്ച് മണ്ഡലത്തില്‍നിന്ന് വിജയിച്ചപ്പോള്‍ മഖന്ദ്പൂരില്‍ പരാജയപ്പെട്ടു. ഇടതുപാര്‍ട്ടിയായ സിപിഐ എംഎല്‍ (എല്‍) മൂന്നു സീറ്റില്‍ വിജയിച്ചു. സിപിഐ, സിപിഎം കക്ഷികള്‍ക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. നാലിടത്ത് സ്വതന്ത്രര്‍ വിജയിച്ചു.അസദുദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എംഐഎം) കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചേഡാമന്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയം പാര്‍ട്ടിക്ക് കനത്ത തിരച്ചടിയായിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങള്‍ പാളിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് തന്നെ ഇന്നലെ വിമര്‍ശനം ഉന്നയിച്ചു.
Next Story

RELATED STORIES

Share it