ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പതു ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ഇതില്‍ 24 എണ്ണം പശ്ചിമബംഗാള്‍ അതിര്‍ത്തിയിലെ സീമാഞ്ചല്‍ മേഘലയിലാണ്. 58 വനിതകളടക്കം 827 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ജെഡി(യു)വിലെ മുതിര്‍ന്ന മന്ത്രി ബിജേന്ദ്രപ്രസാദ് യാദവ്, ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖി, മന്ത്രി നരേന്ദ്ര നാരായണ്‍ യാദവ്, ദോലയാദവ് എന്നിവരാണു മല്‍സരരംഗത്തുള്ള പ്രമുഖര്‍.
മാവോവാദികളുടെ ശക്തികേന്ദ്രമായ സിമ്രി ഭക്തിയാര്‍ പൂര്‍, മാഹിസി എന്നീ മണ്ഡലങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് മൂന്നുവരെയും മറ്റ് 55 മണ്ഡലങ്ങളില്‍ വൈകുന്നേരം 5മണിവരെയുമാണ് വോട്ടെടുപ്പ്.ഹൈദരാബാദ് എംപി അസഉദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ മുസ്‌ലിമീന്‍ സീമാഞ്ചല്‍ പ്രദേശത്തെ ആറു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നുണ്ട്.ഇന്ന് വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 2010 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി സഖ്യത്തില്‍ മല്‍സരിച്ച ജെഡിയുവിന് 20 സീറ്റുകളും ആര്‍ജെഡിക്ക് എട്ടും കോണ്‍ഗ്രസ്സിന് മൂന്നും എല്‍ജെപിക്ക് രണ്ടും സീറ്റുകളാണു ലഭിച്ചത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും കിട്ടി. ഇത്തവണ മതനിരപേക്ഷ സഖ്യത്തിലെ ഘടകകക്ഷികളായ ജെഡി(യു) 25 സീറ്റിലും ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലുമാണു മല്‍സരിക്കുന്നത്.
അതിനിടെ ബിജെപി പ്രാദേശിക പത്രങ്ങളിലൂടെ നല്‍കിയ പരസ്യം വിവാദമായി. പ്രാദേശിക പത്രങ്ങളില്‍ ബിജെപി നല്‍കിയ പരസ്യത്തിനെതിരേ മതനിരപേക്ഷ സഖ്യ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കി. പൂജിക്കപ്പെടുന്ന ഗോമാതാവിനെ നിരന്തരമായി അപമാനിക്കുന്ന തന്റെ സുഹൃത്തുക്കളുടെ പ്രസ്താവനയെ പറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിശ്ശബ്ദത പാലിക്കുന്നതായി ആരോപിക്കുന്നതാണ് ബിജെപിയുടെ പരസ്യം.
വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് മാട്ടിറച്ചിയെ പറ്റിയുള്ള തന്റെ സുഹൃത്തുക്കളുടെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കണമെന്നാണ് ബിജെപി പരസ്യത്തിലൂടെ ആവശ്യപ്പെടുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉപാധ്യക്ഷന്‍ രഘുവംശ് പ്രസാദ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, എന്നിവരുടെ പ്രസ്താവനകള്‍ പരസ്യത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. മറുപടിയില്ലെങ്കില്‍ വോട്ടില്ല എന്നാണു പരസ്യത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ജെഡി(യു) ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു. സിപിഎം നേതാക്കളും പരസ്യത്തെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it