Fortnightly

ബിഹാറില്‍നിന്നുള്ളപാഠങ്ങള്‍

ബിഹാറില്‍നിന്നുള്ളപാഠങ്ങള്‍
X
സ്റ്റാഫ് റിപോര്‍ട്ടര്‍




BIHARന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്നാണ് പഴമൊഴി. എന്നാല്‍, ഇന്ന് ബീഹാര്‍ ചിന്തിക്കുന്നതാണ് നാളെ ഇന്ത്യ ചിന്തിക്കേണ്ടതെന്ന പുതുമൊഴിയിലേക്കാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം വഴി തുറക്കുന്നത്.ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുടങ്ങി നവംബര്‍ ആദ്യവാരത്തില്‍ അവസാനിച്ച, അഞ്ചു ഘട്ടങ്ങളിലായി ബീഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍തന്നെ ഒട്ടേറെ പ്രാധാന്യം കൈവരിച്ച ഒന്നാണ്. തിരഞ്ഞെടുപ്പ് ജ്യോതിഷികളുടെ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയാണ് ആര്‍ജെഡി, ജനതാദള്‍(യു), കോണ്‍ഗ്രസ് കക്ഷികള്‍ അടങ്ങുന്ന മഹാസഖ്യം  243ല്‍ 178 സീറ്റുകളും നേടി വന്‍ വിജയത്തിലേക്ക് കുതിച്ചത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ സോഷ്യലിസ്റ്റ് ചിന്തകളുടെ മണ്ണായ ബീഹാറില്‍ തളച്ചു നിര്‍ത്താന്‍ ലാലു-നിതീഷ് കൂട്ടുകെട്ടിന്നായി.

ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കാന്‍പോന്ന ഒന്നാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പലതുകൊണ്ടും സവിശേഷതയുള്ളതാണ് ബീഹാര്‍ തിരഞ്ഞെടുപ്പു ഫലം. അസഹിഷ്ണുതയിലും വിദ്വേഷത്തിലുമൂന്നി വര്‍ഗീയതയുടെ ചോരച്ചാലിലൂടെ ഇന്ത്യയെ നയിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു മുന്നോട്ട് നീങ്ങിയ അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ മേധാവിത്വത്തിനേറ്റ കനത്ത പ്രഹരമായിരുന്നു മഹാസഖ്യത്തിന്റെ വിജയം. അധികാരമേറ്റ് ഒന്നരവര്‍ഷമാകുമ്പോള്‍ നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോള്‍ നരേന്ദ്രമോഡി  പറഞ്ഞത് ഇത് കേന്ദ്രഭരണത്തിന്റെ വിലയിരുത്തലല്ല എന്നാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും ബിജെപിയുടെ രാഷ്ട്രീയത്തിനുമെതിരായ ബീഹാര്‍ ജനതയുടെ വിധിയെഴുത്ത് കൂടിയാണിത്.

BIHAR-4മഹാരാഷ്ട്രയിലും ഹരിയാനയിലും മോദി-അമിത്ഷാ ദ്വന്ദം പരീക്ഷിച്ചു വിജയിച്ച വിഭജനത്തിന്റെ രാഷ്ട്രീയം ബീഹാറിന്റെ മണ്ണില്‍ പരാജയമടയുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പാണ് ബീഹാറിലേത്. ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ മുന്നേറ്റത്തിനെതിരെ ദേശീയ തലത്തില്‍തന്നെ ഒരു മതേതര ബദല്‍ സാധ്യമാണെന്ന ശക്തമായ സന്ദേശമാണ് തിരഞ്ഞെടുപ്പു ഫലം മുന്നോട്ട് വയ്ക്കുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ശക്തിക്ഷയം സംഭവിക്കുകയും പ്രാദേശിക കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക പദവി അസാധ്യമെന്ന് കരുതുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ദേശീയ മതേതര ബദലിനെക്കുറിച്ച ചിന്തകള്‍ക്ക് ശക്തിപകരാന്‍ ഈ തിരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും സഹായകരമാവും.ജാതി സമവാക്യങ്ങളാണ് ബീഹാറിന്റെ രാഷ്ട്രീയ വിധി നിര്‍ണ്ണയിക്കുകയെന്നാണ് എപ്പോഴും പറയാറുള്ളത്. എന്നാല്‍ രാജ്യം ഒരു സന്നിഗ്ദ്ധ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് ബീഹാരി ജനത തെളിയിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബീഹാറിന്റെ മണ്ണ് സോഷ്യലിസ്റ്റ് ചിന്തകള്‍ക്ക് എന്നും വളക്കൂറുള്ളതു തന്നെയാണ്.

BIHAR-3

അതുകൊണ്ടാണ് രാജ്യം അപകടത്തില്‍പ്പെട്ട ഒരു സന്ദര്‍ഭത്തില്‍ അഭിപ്രായ ഭേദങ്ങളും ഈഗോയുമെല്ലാം മാറ്റിവെച്ച് ഒന്നിക്കാനും കോണ്‍ഗ്രസിനുകൂടി തങ്ങളുടെ വര്‍ഗീയ വിരുദ്ധ ചേരിയില്‍ ഇടം നല്‍കാനും ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തീരുമാനിച്ചത്.വലിയ പ്രതീക്ഷകളുമായാണ് ബിജെപി ബീഹാറില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. അമിത്ഷായുടെ കൈകളിലായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍. 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ വിജയം അനായാസം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി ക്യാംപ്. വര്‍ഗീയ ധ്രൂവീകരണത്തിന്റെ രാഷ്ട്രീയം പയറ്റാന്‍ ആര്‍എസ്എസ് അതിന്റെ സന്നദ്ധ ഭടന്മാരെ പല സംസ്ഥാനങ്ങളില്‍നിന്നും ബീഹാറിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 1.25 ലക്ഷം കോടി രൂപയുടെ വികസ പാക്കേജാണ് കേന്ദ്രസര്‍ക്കാറിന്റെ വകയായി ബീഹാറിനുവേണ്ടി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മോദി അമിത്ഷാ മേധാവിത്വം പ്രചാരണത്തിന്റെ എല്ലാ തലങ്ങളിലും പ്രകടമായിരുന്നു. പോസ്റ്ററുകളിലെല്ലാം മോദിയും അമിത്ഷായും മാത്രം. ബിജെപിയുടെ പ്രാദേശിക നേതാക്കളെ അവഗണിച്ചതിന്റെ അമര്‍ഷം തുടക്കം മുതലേ ബിജെപിയുടെ ബീഹാര്‍ ഘടകത്തില്‍ നീറിപുകയുന്നുണ്ടായിരുന്നു. ആര്‍കെ സിങും ശത്രുഘ്‌നന്‍ സിന്‍ഹയുമെല്ലാം പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വന്നു.

BIHAR-2

അദ്വാനി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കള്‍ പ്രചാരണത്തില്‍ ഒരിടത്തും ഉണ്ടായില്ല. മോദി പ്രഭാവത്തില്‍ വിജയം കൊയ്യാമെന്ന് കണക്കു കൂട്ടിതന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നുപോലും മുന്‍കൂട്ടി പറയാന്‍ ബിജെപി മടിച്ചത്. വിജയിച്ചാല്‍ നേട്ടം മോദിക്കും അമിത്ഷാക്കും സ്വന്തമാവുകയും അപ്പോള്‍ സ്വന്തം ആളെ മുഖ്യമന്ത്രി പദത്തില്‍ വാഴിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യുമെന്ന ദിവാസ്വപ്‌നത്തിലായിരുന്നു അവര്‍. പക്ഷേ, മോദിയുടെ മായിക പ്രതിഛായ മങ്ങിപ്പോയെന്നു മാത്രമല്ല അത് ഒന്നുമല്ലെന്നു തെളിയിക്കുന്നതു കൂടിയായി തിരഞ്ഞെടുപ്പ് ഫലം. ലാലുവിന്റെ ആര്‍ജെഡി 80 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. സഖ്യകക്ഷികളായ ജനതാദള്‍(യു) 71 ഉം കോണ്‍ഗ്രസ് 27 ഉം സീറ്റുകള്‍ നേടി മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷമുറപ്പിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ചത് 58 സീറ്റുകള്‍ മാത്രം. അതില്‍ 53 ഉം ബിജെപിക്കായിരുന്നു. 111 വീതം സീറ്റുകളില്‍ ആര്‍ജെഡിയും ജെഡി (യു)യും മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ ജനവിധി തേടി. മികച്ച വിജയമായിരുന്നു മഹാസഖ്യത്തിലെ മറ്റു കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസും കൈവരിച്ചത്. 2010 ല്‍ 4 സീറ്റായിരുന്നു കോണ്‍ഗ്രസിന്, ആര്‍ജെഡിക്ക് 22 ഉം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 40 ല്‍ 36 ഉം ആര്‍ജെഡി തോറ്റിരുന്നു. നിതീഷ് അന്ന് എന്‍ഡിഎ സഖ്യത്തെ നയിച്ച് ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്നു.

MODI-BLURB-2നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 17 വര്‍ഷം നീണ്ടുനിന്ന എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച നിതീഷിന് ബീഹാറിന്റെ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്താന്‍ ലാലുവും കോണ്‍ഗ്രസ്സുമായുള്ള കൂട്ട്‌കെട്ട് സഹായകമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെ പാര്‍ട്ടിക്ക് രണ്ടു സീറ്റാണ് കിട്ടിയത്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുന്നതാണ് രാഷ്ട്രീയത്തിലെ കല. അതു മൂന്നു കക്ഷികളും നന്നായി കൈകാര്യം ചെയ്തു. അതുമൂലം അവര്‍ക്കു നേട്ടമുണ്ടായി എന്നതിനേക്കാളേറെ ബീഹാരികള്‍ രക്ഷപ്പെട്ടു എന്നതും കൂടിയാണ്. അതിലെല്ലാമുപരി ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് മതേതര പക്ഷത്ത് നിന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കാനും മഹാസഖ്യത്തിനായി. ജനങ്ങളുടെ മനസ്സ് കണ്ടറിഞ്ഞ ലാലുവിന്റെ തന്ത്രങ്ങളും ബിഹാറിന്റെ വികസനത്തിന് കാര്യമായ സംഭാവന നല്‍കിയ നിതീഷിന്റെ പ്രതിഛായയും ഒത്തു ചേര്‍ന്നപ്പോള്‍ വിജയം അനായാസമായി. എല്‍കെ അഡ്വാനിയുടെ രഥയാത്രയെ തളച്ച ലാലുവിന്തന്നെ ബീഹാറിന്റെ മണ്ണില്‍ ബിജെപിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞത് ഒരു നിയോഗമായിരിക്കാം.

കാലിത്തീറ്റ കുംഭകോണകേസില്‍ കോടതി അയോഗ്യത കല്‍പിച്ച ലാലുവിന് രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവന്നില്ലെന്നു മാത്രമല്ല അനന്യ സാധാരണമായ മെയ്‌വഴക്കത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയും ദേശീയ രാഷ്ട്രീയത്തിലെതന്നെ ശ്രദ്ധാകേന്ദ്രമായി മാറാനും ഈ തിരഞ്ഞെടുപ്പ് സഹായിച്ചു. നിയമസഭയില്‍ സാന്നിദ്ധ്യമില്ലാതിരുന്നിട്ടും ബീഹാര്‍ രാഷ്ട്രീയത്തെയും ഒരു വേള ദേശീയ രാഷ്ട്രീയത്തെത്തന്നെയും നിര്‍ണ്ണയിക്കുവാന്‍ പ്രാപ്തി നേടി. മക്കളെ ഗോദയിലിറക്കി വിജയം കണ്ട ലാലു ഇനി ദേശീയ രാഷ്ട്രീയത്തില്‍ ഇറങ്ങി കളിക്കാനാവും ലക്ഷ്യമിടുന്നത്. മോദിയുടെ വാരണാസിയിലേക്കും റാന്തലുമായി ചെല്ലുമെന്ന ലാലുവിന്റെ പ്രഖ്യാപനം അതിന്റെ പ്രതീകാത്മക സൂചനയായി കാണാവുന്നതാണ്.ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെല്ലാം അവര്‍ക്കുതന്നെ തിരിച്ചടിയായി. ഡിഎന്‍എ വിവാദത്തിലൂടെ നിതീഷിനെ കടന്നാക്രമിച്ച മോദിക്ക് ബീഹാറിനെ ഭരിക്കേണ്ടത് ബീഹാരിയോ ബാഹരിയോ (പുറത്തുള്ളയാളോ) എന്ന ചോദ്യമുയര്‍ത്തി നിതീഷ് നേരിട്ടു.

പോത്തിന്റെ പുറത്തിരുന്നു വന്നവരെയാണ് ബിഹാരികള്‍ മുഖ്യമന്ത്രിയാക്കിയതെന്ന നരേന്ദ്രമോദിയുടെ പരിഹാസം തങ്ങളുടെ അഭിമാനത്തിനേറ്റ മുറിവായി ബീഹാരി ജനത കണ്ടു. മഹാസഖ്യം ജയിച്ചാല്‍ പാകിസ്താനിലാവും പടക്കം പൊട്ടിക്കുകയെന്ന അമിത് ഷായുടെ വര്‍ഗീയത ചുരത്തുന്ന പ്രസ്താവനയും വിപരീത ഫലമാണുണ്ടാക്കിയത്. ലാലുവിന്റെ കാട്ടുഭരണമാണ് ബിഹാറില്‍ തിരിച്ചു വരാന്‍ പോവുന്നതെന്ന ബിജെപി പ്രചാരണവും ബീഹാരികളെ ശത്രുപാളയത്തിലേക്കാണെത്തിച്ചത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ സംവരണ വിരുദ്ധ പ്രസ്താവനകൂടി ആയപ്പോള്‍ തങ്ങള്‍ക്ക് അടിതെറ്റുമെന്ന് മോദിക്കും അമിത്ഷാക്കും ബോധ്യമായി തുടങ്ങിയിരുന്നു. സംവരണ വിഷയത്തിലുള്ള മോദിയുടെ പ്രതികരണത്തിലെ വര്‍ഗീയ ധ്വനിയും ബീഹാറിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. പിന്നാക്ക സംവരണത്തില്‍നിന്ന് കവര്‍ന്നെടുത്ത് മുസ്്‌ലിംകള്‍ക്ക് നല്‍കുമെന്ന അസംബന്ധം ജനങ്ങള്‍ മുഖവിലയ്ക്കുപോലുമെടുത്തില്ല.

ബീഹാര്‍ തങ്ങളെ കൈവിടുമെന്ന ആശങ്ക മോദിയെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു. 32 റാലികളിലാണ് നരേന്ദ്രോദി പ്രസംഗിച്ചത്. ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി ഇത്രയധികം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. കേന്ദ്രമന്ത്രിമാരുടെ പടതന്നെ ബീഹാറിലിറങ്ങി. ദേശീയ തലസ്ഥാനം പാറ്റ്‌നയിലേക്കു മാറ്റിയ പ്രതീതിയായിരുന്നു പ്രചാരണത്തിന്റെ നാളുകളില്‍.ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരീക്ഷണ ശാലയായി ബീഹാര്‍ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ബിജെപി പയറ്റിയ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങള്‍ ബീഹാറിലും പയറ്റിയിരുന്നു. ആറുമാസം മുന്‍പേ അതിനുള്ള പദ്ധതികളും ആരംഭിച്ചു.

MODIBIHAR-BLURBസാധാരണ ലാലുവിനെ പിന്തുണയ്ക്കാറുള്ള യാദവ മുസ്്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനു പുറമെ മുന്നാക്ക വോട്ടുകള്‍പോലും മഹാസഖ്യത്തിന് ലഭിച്ചതായാണ് സൂചനകള്‍. സ്ത്രീകളുടെ അധികാരപങ്കാളിത്തവും സംവരണവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഇവ രണ്ടും മഹാസഖ്യത്തിന് അനുകൂലമായി. രാംവിലാസ് പാസ്വാനും ജിതിന്‍ റാം മാഞ്ചിയും എന്‍ഡിഎ സഖ്യത്തിലുണ്ടായിട്ടും ദലിത് പിന്തുണ കിട്ടിയില്ലെന്നതും ഇതോട് ചേര്‍ത്ത് വായിക്കണം. പ്രസ്തവനകളില്‍ മാത്രമല്ല പ്രയോഗത്തിലും പിന്നാക്ക വിരുദ്ധമായിരുന്നു ബിജെപി. ജയസാധ്യതകളുള്ള സീറ്റുകള്‍ സവര്‍ണ്ണ ജാതിക്കാര്‍ക്ക് മാറ്റിവച്ചത് ഉദാഹരണം.മോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേറ്റ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും ചുറ്റിത്തിരിയുന്ന പതിവു രീതിയില്‍നിന്നും വ്യത്യസ്തമായി പല കക്ഷികളും പല നേതാക്കളും ചേര്‍ന്ന ജനപക്ഷ രാഷ്ട്രീയത്തിനാണ് ഇന്ത്യയില്‍ സാധ്യതയെന്ന സന്ദേശം നല്‍കാന്‍ ബീഹാറിനു കഴിഞ്ഞു. ബിജെപിക്കു ബദല്‍ കോണ്‍ഗ്രസെന്ന പരമ്പരാഗത സമവാക്യം മാറ്റിയെഴുതാനും ബീഹാര്‍ പ്രേരണയാവും. കോണ്‍ഗ്രസിനോടൊപ്പം പശുകൂടി ചേര്‍ന്നാല്‍ ബിജെപിയായി എന്ന അരുണ്‍ഷൂരിയുടെ പരാമര്‍ശം ഏറെ സാര്‍ത്ഥകമാണ്. സാമ്പത്തിക നയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഭേദമില്ല.

അതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ശാക്തിക സന്തുലനങ്ങള്‍ക്ക് ബീഹാര്‍ തിരഞ്ഞെടുപ്പ് നിമിത്തമാവാം. മോദിയുടെ വികസന പരിപ്രേക്ഷ്യം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അദാനിമാര്‍ക്ക്‌വേണ്ടി ഭരണ ചക്രം തിരിക്കുന്ന പ്രധാനമന്ത്രിക്ക് ഗ്രാമീണ ജനതയുടെയും കര്‍ഷകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് ബീഹാര്‍ ജനത തിരിച്ചറിഞ്ഞു. നഗരങ്ങളിലെ മധ്യവര്‍ഗ്ഗങ്ങളും സവര്‍ണ സമുദായങ്ങളുമാണ് ബിജെപിക്ക് ഇപ്പോള്‍ ലഭിച്ച നേട്ടത്തിന്റെ പിന്നില്‍.രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥ മറിക്കടക്കാന്‍ ബീഹാറിലെ വിജയം ബിജെപിക്ക് ഉതകുമായിരുന്നു. എന്നാല്‍ ആ സ്വപ്‌നമാണിപ്പോള്‍ പൊലിഞ്ഞിരിക്കുന്നത്. ബീഹാറിലെ പരാജയം ബിജെപി പാളയത്തില്‍ പടക്കു കാരണമായി എന്നതും ശ്രദ്ധേയമാണ്. ദാദ്രിയും മാട്ടിറച്ചി വിരോധവും വില വര്‍ദ്ധനയും ന്യൂനപക്ഷങ്ങളെയും സാധരണക്കാരെയും നിതീഷ്-ലാലുപക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തി. ഇടതുപക്ഷം കാഴ്ചക്കാരന്റെ റോളിലായ തിരഞ്ഞെടുപ്പില്‍ എസ്പിയും ഉവൈസിയുടെ പാര്‍ട്ടിയുമെല്ലാം ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാനാണ് സഹായിച്ചത്.

അതു വിജയിച്ചില്ലെങ്കിലും. വികസനത്തിന്റെ വ്യാജ മന്ത്രങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച പ്രതിച്ഛായയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കരുത്ത് ചോര്‍ത്താന്‍ മതിയായതല്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം. മോദി അധികാരത്തിലേറിയ ശേഷമായിരുന്നു ഡല്‍ഹി നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പു നടന്നത്. ലോക് സഭയില്‍ 7 സീറ്റും നേടിയ ബിജെപിക്ക് പക്ഷേ നിയമ സഭയില്‍ മൂന്നു സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ഉത്തര്‍ പ്രദേശിലെ തദ്ദേശ തെരെഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയേറ്റു. ബിഎസ്പി ശ്രദ്ധേയമായ നേട്ടം കൊയ്തു. ഈ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത് അഭിപ്രായ വ്യത്യാസങ്ങളും കൊതിക്കെറുവുകളും അധികാരമോഹങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനിന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടാന്‍ മതേതര ശക്തികള്‍ക്ക് മുന്നില്‍ സാധ്യതകള്‍ തുറന്നു കിടക്കുന്നുണ്ട് എന്നാണ്.
Next Story

RELATED STORIES

Share it