ബിഹാര്‍: സത്യപ്രതിജ്ഞ നാളെ; മോദിക്ക് ക്ഷണം

പട്‌ന: ബിഹാറില്‍ തന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. നാളെയാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ടെലഫോണിലാണ് നിതീഷ്‌കുമാര്‍ മോദിയെ ക്ഷണിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മറ്റു പ്രധാന നേതാക്കളെയും നിതീഷ് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് രാഷ്ട്രീയ മര്യാദയാണെന്നും ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിങ് പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി വരാനിടയില്ലെന്നാണ് ബിഹാര്‍ ബിജെപി ഉപാധ്യക്ഷന്‍ സഞ്ജയ് മയൂഖ് അറിയിച്ചത്. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മഹാസഖ്യം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോള്‍ മോദി നിതീഷിനെ ഫോണില്‍ അഭിനന്ദിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് തുടങ്ങിയവരേയും നിതീഷ് ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു. ബിഹാറില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയടങ്ങിയ മഹാസഖ്യം പടുത്തുയര്‍ത്തുന്നതില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പങ്കെടുക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് എം കരുണാനിധി നിതീഷിനു കത്തയച്ചു. ഭാര്യ ആശുപത്രിയിലായതിനാല്‍ തനിക്കു വരാന്‍ കഴിയില്ലെന്നും പകരം സ്റ്റാലിന്‍ പങ്കെടുക്കുമെന്നുമാണ് കരുണാനിധി അറിയിച്ചത്.
Next Story

RELATED STORIES

Share it