ബിഹാര്‍ മന്ത്രി രാജിവച്ചു

പട്‌ന: ദേശീയശ്രദ്ധ ആകര്‍ഷിച്ച ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നലെ ആരംഭിച്ചിരിക്കേ അഴിമതി ആരോപണത്തെത്തുടര്‍ന്നു നിതീഷ് കുമാര്‍ മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രി രാജിവച്ചു. മുംബൈയില്‍ നിന്നുള്ള വ്യാപാരികളില്‍ നിന്നു നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വീഡിയോദൃശ്യം പുറത്തുവന്നതിനെത്തുടര്‍ന്നാണു മന്ത്രി അവദേശ് കുശ്‌വാഹ രാജിവച്ചത്. യൂട്യൂബിലൂടെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തോടു രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുശ്‌വാഹ രാജിക്കത്ത് നല്‍കിയതായും ഗവര്‍ണര്‍ക്കു കൈമാറിയതായും ജെ.ഡി(യു) അധ്യക്ഷന്‍ ശരദ് യാദവ് മാധ്യമങ്ങളെ അറിയിച്ചു.

പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് പിപ്രാമണ്ഡലത്തില്‍ നിന്നുള്ള കുശ്‌വാഹയുടെ സ്ഥാനാര്‍ഥിത്വം ജെ.ഡി(യു) പിന്‍വലിച്ചു. അഴിമതിയെ പാര്‍ട്ടി ഒരു തരത്തിലും അംഗീകരിക്കില്ലെന്നു പാര്‍ട്ടി വക്താവ് കെ സി ത്യാഗി അറിയിച്ചു. ശനിയാഴ്ച പ്രവര്‍ത്തനമാരംഭിച്ച ജയ്ഹിന്ദ് ബിഹാര്‍ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട മറ്റൊരു വീഡിയോയില്‍ രണ്ടു ആര്‍.ജെ.ഡി. എം.എല്‍.എമാര്‍ക്കെതിരേയും ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍, അഴിമതിയാരോപണത്തെ കുശ്‌വാഹ നിഷേധിച്ചു. ഒളികാമറ ഓപറേഷന്‍ നടത്തിയവര്‍ക്കെതിരേ അപകീര്‍ത്തിപ്പെടുത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ജെ.ഡി(യു) അധികാരത്തിലെത്തുകയാണെങ്കില്‍ വ്യവസായ സ്ഥാപനം തുടങ്ങാന്‍ ഒത്താശ ചെയ്തുകൊടുക്കാന്‍ കുശ്‌വാഹ നാലുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

വീഡിയോയില്‍ പണം കൈമാറുന്നവരുടെ മുഖം വ്യക്തമല്ല. ബിഹാര്‍ ആരോഗ്യമന്ത്രി മുദ്രിക സിങ് യാദവ്, മറ്റൊരു സ്ഥാനാര്‍ഥിയായ സുബേദാര്‍ ദാസ് എന്നിവരാണ് ആരോപണവിധേയരായ മറ്റു രണ്ടുപേര്‍. ദാസ് കറന്‍സി വാങ്ങി ടവ്വലില്‍ പൊതിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതു രണ്ടുലക്ഷം രൂപയാണെന്ന് വീഡിയോയില്‍ പറയുന്നു. അതേസമയം, മന്ത്രിയുടെ രാജി എതിരാളികള്‍ക്കെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും അഴിമതിക്കെതിരേ പോരാടിയ ജയപ്രകാശ് നാരായണന്റെ പാരമ്പര്യത്തെ അപമാനിക്കുകയാണെന്നു മോദി പറഞ്ഞു.
Next Story

RELATED STORIES

Share it