ബിഹാര്‍: മനോരമദേവി മുന്‍കൂര്‍ ജാമ്യം തേടി

ഗയ: വീട്ടില്‍ നിന്നു മദ്യം കണ്ടെടുത്ത കേസില്‍ ബിഹാര്‍ നിയമസഭാംഗം മനോരമ ദേവി കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹരജിനല്‍കി. തന്റെ വാഹനം മറികടന്നതിനു യുവാവിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി റോക്കി യാദവിന്റെ മാതാവാണു മനോരമ ദേവി. റോക്കിയെ പിടികൂടാനുള്ള തിരച്ചിലിനിടെയാണു മനോരമ ദേവിയുടെ വസതിയില്‍നിന്ന് 18 കുപ്പി മദ്യം പോലിസ് കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് മനോരമയെ ജെഡിയുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുന്‍കൂര്‍ ജാമ്യഹരജി ജില്ലാ ജഡ്ജി എസ് എന്‍ സിങ് തിങ്കളാഴ്ച പരിഗണിക്കും. മനോരമയ്ക്കു വേണ്ടി അഭിഭാഷകന്‍ കൈസര്‍ സര്‍ഫുദ്ദീനാണു മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. മദ്യം കണ്ടെടുത്തതിനുശേഷം മനോരമ ഒളിവിലാണ്. അവര്‍ കോടതിയില്‍ കീഴടങ്ങില്ലെന്ന് സര്‍ഫുദ്ദീന്‍ പറഞ്ഞു. മനോരമയെ കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യം കണ്ടെടുത്തതിനെ തുടര്‍ന്ന് മനോരമയുടെ വസതി എക്‌സൈസ് വകുപ്പ് മുദ്രവച്ചിരുന്നു. മനോരമയെ അറസ്റ്റ് ചെയ്യാന്‍ ഗയ പോലിസ് വാറന്റ് പുറപ്പെടുവിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
റോക്കി യാദവിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഡല്‍ഹി പോലിസ് നല്‍കിയതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആവശ്യപ്പെട്ടു. മതിയായ അന്വേഷണം നടത്താതെയാണ് ലൈസന്‍സ് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തി പട്‌ന വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെരിഫിക്കേഷന്‍ നടത്താതെ റോക്കി യാദവിന് എങ്ങനെ തോക്ക് ലഭിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. തോക്ക് ലൈസന്‍സ് റോക്കിക്ക് ലഭിച്ചത് ഡല്‍ഹിയിലെ വസന്ത്കുഞ്ച് പോലിസില്‍ നിന്നാണെന്ന് ഗയ പോലിസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാരിനെ ബിജെപി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിലാണ് ആരോപണവുമായി തേജസ്വി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it