Citizen journalism

ബിഹാര്‍: മതേതരത്വത്തിന്റെ ഉണര്‍ത്തുപാട്ട്

ബിഹാര്‍: മതേതരത്വത്തിന്റെ ഉണര്‍ത്തുപാട്ട്
X
mahasakyam bihar

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം നേടിയ വന്‍വിജയം മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ്. ഹിന്ദുത്വര്‍ നടത്തിയ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായ ഭീതിദ സാഹചര്യത്തെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരം തന്നെ. രണ്ടര പതിറ്റാണ്ട് മുമ്പ് രാജ്യത്തെങ്ങും വര്‍ഗീയതയുടെ വിഷവിത്തു പാകിക്കൊണ്ട് സാക്ഷാല്‍ ലാല്‍കൃഷ്ണ അഡ്വാനി നടത്തിയ രഥയാത്രയെ ബിഹാറിന്റെ മണ്ണില്‍ വച്ച് തടഞ്ഞത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് തന്നെയായിരുന്നു. വീണ്ടുമിതാ ലാലുപ്രസാദ് യാദവ് അധികാരത്തിന്റെ ഹുങ്കില്‍ നരേന്ദ്ര മോദി അഴിച്ചുവിട്ട യാഗാശ്വത്തെ ജനകീയ പിന്തുണയോടെ അതേ മണ്ണില്‍ പിടിച്ചുകെട്ടിയിരിക്കുന്നു.
ഒന്നര വര്‍ഷം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ഭൂരിഭാഗവും കൈയടക്കിയ ബിജെപി ഇങ്ങനെ തകര്‍ന്നടിഞ്ഞതിനു പിന്നില്‍ സമീപകാലങ്ങളിലായി അവര്‍ പ്രയോഗിച്ച വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ്.

വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെട്ട ബിഹാര്‍ രാഷ്ട്രീയത്തിലുണ്ടായ ഈ വഴിത്തിരിവ് ഇന്ത്യയുടെ മതേതര മനസ്സിനെ ഊട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിലൊട്ടാകെ വോട്ട് ചെയ്തവരില്‍ കേവലം 31 ശതമാനത്തിന്റെ മാത്രം അംഗീകാരമുള്ള ഒരു പാര്‍ട്ടിയും അവരുടെ പിണിയാളുകളും രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും വഴിയില്‍ ഉപേക്ഷിച്ച് അക്രമത്തിലേക്ക് നാടിനെ നയിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനം തിരസ്‌കരിച്ചു.

ഇന്ത്യന്‍ ജനസംഖ്യയുടെ 80.5 ശതമാനം വരുന്ന ഹിന്ദു സമുദായത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ഹൃദയവിശാലത കൊണ്ടാണ് ഈ രാജ്യം ഇന്നും മതേതര രാജ്യമായി തുടരുന്നത്. പലപ്പോഴായി വര്‍ഗീയശക്തികള്‍ ഇളക്കിവിട്ട കപട ഹൈന്ദവവികാരത്തിനു പിന്നാലെ അവര്‍ പോയില്ല.
ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടാണെങ്കിലും പരസ്പരം പോരടിക്കാതെ കൈകോര്‍ത്താല്‍ രാജ്യം തന്നെ രക്ഷപ്പെടുമെന്ന പാഠവും ബിഹാര്‍ നല്‍കുന്നുണ്ട്. രാഷ്ട്രീയ ചരിത്രത്തില്‍ പൊതുവില്‍ വിഡ്ഢിത്തങ്ങളുടെ സഹയാത്രികരായ ഇടതുപക്ഷം ബിഹാറിലും അത് ആവര്‍ത്തിച്ചു. തനിച്ച് മത്സരിച്ച അവര്‍ക്ക് ചില സീറ്റുകളിലെങ്കിലും ബിജെപിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്നതിലപ്പുറം ഒരു നേട്ടവുമുണ്ടായില്ല.

ഇപ്പോഴും ഒരു മൂന്നാം മുന്നണിക്കു വേണ്ടി രാജ്യത്തൊട്ടാകെ പരക്കംപാഞ്ഞുകൊണ്ടിരിക്കുകയാണ് ഇടതു പാര്‍ട്ടികളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പിന്മുറക്കാരും. വാശിയും ദുരഭിമാനവും വെടിഞ്ഞ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള വിശാല മതേതര ബദല്‍ സാര്‍ഥകമാവാത്തിടത്തോളം കാലം ബിജെപിയുടെ കെണിയില്‍പ്പെട്ട് രാജ്യം ഊര്‍ധശ്വാസം വലിക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല.
Next Story

RELATED STORIES

Share it