ബിഹാര്‍ ഫലം മോദിക്കേറ്റ തിരിച്ചടിയെന്ന്  യുഎസ്, പാക് പത്രങ്ങള്‍

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേറ്റ വലിയ തിരിച്ചടിയെന്ന് വിലയിരുത്തി യുഎസ് പത്രങ്ങളും രാഷ്ട്രീയ വിദഗ്ധരും. മോദിക്കു കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് ന്യൂയോര്‍ക് ടൈംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. മോദിയുടെ സാമ്പത്തിക അജണ്ടയ്‌ക്കേറ്റ വലിയ ക്ഷതമാണ് ഫലമെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഭരണകക്ഷി നിര്‍ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന് അതിന്റെ സാമ്പത്തിക നയവുമായി മുന്നോട്ടു പോവാന്‍ തിരഞ്ഞെടുപ്പ് ഫലം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.
ബിജെപിയുടെ ധ്രുവീകരണത്തിലൂന്നിയതും അസഹിഷ്ണുത വളര്‍ത്തുന്നതുമായ രാഷ്ട്രീയം തള്ളിക്കളയുന്നതായി ബിഹാര്‍ ജനത ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നെന്ന് യുഎസിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തലാണ് ഫലമെന്ന് മിഷിഗണ്‍ സര്‍വകലാശാലയില്‍ പ്രഫസറായ പുനീത് മന്‍ചന്ദ പറഞ്ഞു.
ബിഹാറില്‍ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കുമേറ്റ പരാജയം പാകിസ്താനിലെ പത്രങ്ങളും ആഘോഷമാക്കി. സ്‌ഫോടക വസ്തുക്കള്‍ പുറത്തേയ്ക്ക് എന്നായിരുന്നു പ്രമുഖ പത്രങ്ങള്‍ ബിജെപിയുടെയും മോദിയുടെയും പരാജയത്തെ വിശേഷിപ്പിച്ചത്. ഇന്നലെ ഇറങ്ങിയ പാക് പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ ബിഹാര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് വാര്‍ത്തകളും സൈഡ് സ്റ്റോറികളും നല്‍കിയിരുന്നു. നരേന്ദ്ര മോദിയുടെ പശു രാഷ്ട്രീയത്തെ ഇന്ത്യന്‍ ജനത മേച്ചില്‍ പറമ്പിലേക്ക് ആട്ടിയോടിച്ചു എന്ന തലക്കെട്ടില്‍ അവര്‍ മുഖപ്രസംഗമെഴുതി. ദ ന്യൂസ് ഇന്റര്‍ നാഷണല്‍ ബിജെപിയുടെ പരാജയത്തെ വരാനിരിക്കുന്നതിന്റെ ടെസ്റ്റ് ഡോസായിട്ടാണ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it