ബിഹാര്‍ തോല്‍വി; ആര്‍എസ്എസിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിക്ക് നേരിട്ട കനത്ത പരാജയത്തിന്റ പ്രധാന കാരണം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനകളെന്ന് ബിജെപി നേതാക്കള്‍. ബിഹാറില്‍ നിന്നുള്ള രണ്ട് പാര്‍ലമെന്റംഗങ്ങളാണ് തിരഞ്ഞെടുപ്പു സമയത്ത് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശങ്ങള്‍ ബിഹാറിലെ പാര്‍ട്ടിയെ ബാധിച്ചു എന്ന് സമ്മതിച്ചത്.
മധുബാണിയില്‍ നിന്നുള്ള ലോക്‌സഭാംഗം ഹുകുംദേവ് നാരായണ്‍ യാദവ്, ബക്‌സറില്‍ നിന്നുള്ള അശ്വനികുമാര്‍ ചൗബെ എന്നിവരാണ് തിരഞ്ഞെടുപ്പിന് ശേഷം മനസ്സ് തുറന്നത്. സംവരണത്തിനെതിരായ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ പ്രകോപിപ്പിച്ചെന്ന് ഹുകുംദേവ് പറഞ്ഞു. ഭാഗവതിന്റെ പ്രസ്താവന അസമയത്തായിരുന്നെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഹുകുംദേവ് പറഞ്ഞു. മോദിക്ക് വോട്ട് ചെയ്തവരെല്ലാം ആര്‍എസ്എസ് ആശയം പിന്തുടരുന്നവരോ അനുഭാവികളോ ആണെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങള്‍ എന്തു കൊണ്ട് വന്‍തോതില്‍ മഹാസഖ്യത്തിന് വോട്ട് ചെയ്തുവെന്ന് പാര്‍ട്ടി വിലയിരുത്തണം. ഭാഗവത് പറഞ്ഞത് പിന്നാക്ക ജാതികളിലും ദലിതുകളിലും പെട്ട വോട്ടര്‍മാരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് വ്യക്തമാക്കി.
അവകാശങ്ങള്‍ക്കും സാമൂഹിക സമത്വത്തിനും വേണ്ടി ബിഹാറിലെ പിന്നാക്ക ജാതിക്കാര്‍ ഐക്യപ്പെടുകയായിരുന്നുവെന്നും അഞ്ച് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹുകുംദേവ് വിലയിരുത്തിയത്. ഭാഗവതിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയെന്നുബിജെപി എംപി അശ്വനികുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it