ബിഹാര്‍ തിരഞ്ഞെടുപ്പ്; എന്‍.ഡി.എയില്‍മാഞ്ചി-പാസ്വാന്‍ പോര്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.എ.എം. (സെക്കുലര്‍) നേതാവ് ജിതന്റാം മാഞ്ചിയും എല്‍.ജെ.പി. നേതാവ് രാംവിലാസ് പാസ്വാനും തമ്മിലുള്ള പോര് എന്‍.ഡി.എ—ക്ക് തലവേദനയാവുന്നു. ദലിത് വിഭാഗങ്ങളില്‍ കൂടുതല്‍ സ്വാധീനം തനിക്കാണെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇരുനേതാക്കളും.സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ദലിത് നേതാവ് താനാണെന്നു പാസ്വാന്‍ അവകാശപ്പെടുന്നു. പാസ്വാന്റെ അവകാശവാദത്തെ എതിര്‍ക്കാന്‍ കിട്ടാവുന്ന അവസരമൊന്നും മാഞ്ചി പാഴാക്കുന്നില്ല.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ചക്കായ് മണ്ഡലത്തില്‍ മുതിര്‍ന്ന എച്ച്.എ.എം. നേതാവ് നരേന്ദ്ര സിങ് എന്‍.ഡി.എയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ എല്‍.ജെ.പിയിലെ വിജയ്‌സിഗിനെതിരേ സ്വതന്ത്രനായി മല്‍സരിക്കുന്നുണ്ട്. മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ. സുമിത് സിങിന്റെ പിതാവാണ് നരേന്ദ്രസിങ്.ചക്കായ് എന്‍.ഡി.എയുടെ സുരക്ഷിതമായ സീറ്റാണെങ്കിലും ഇത്തവണ എന്തും സംഭവിക്കാമെന്നാണ് ബി.ജെ.പി. നേതാവായ ദിവേശ് സിങ് പറയുന്നത്. എന്‍.ഡി.എയിലെ ഭിന്നതയില്‍ നേട്ടം കൊയ്യാന്‍ ബി.ജെ.പി. മുന്‍ എം.എല്‍.എയുടെ വിധവയെയാണ് ആര്‍.ജെ.ഡി. ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.

അലൗലി മണ്ഡലത്തിലും മാഞ്ചിയുടെ പാര്‍ട്ടി എല്‍.ജെ.പിക്ക് ഭീഷണിയാണ്. പശുപതി പരസാണ് ഇവിടെ എല്‍.ജെ.പി. സ്ഥാനാര്‍ഥി അലൗലിയില്‍ പ്രസംഗിക്കാന്‍ പാസ്വാന്‍ മാഞ്ചിയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അത് തിരസ്‌കരിച്ചിരുന്നു. മാഞ്ചി മല്‍സരിക്കുന്ന മഖ്ദൂംപൂരിലെ റാലി പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കിയിരുന്നു. മറ്റേതെങ്കിലും പാര്‍ട്ടിയുടെ നേതാവ് തനിക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍ മാഞ്ചിക്കു താല്‍പ്പര്യമില്ലെന്നതിനെത്തുടര്‍ന്നായിരുന്നു ഇത്.ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി  പാര്‍ട്ടിക്കകത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭാഗല്‍പൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി അരിജിത് ശശ്‌വതിനെതിരേ ബി.ജെ.പി. നേതാവ് വിജയ് ഷാ സ്വതന്ത്രനായി മല്‍സരത്തിനിറങ്ങിയിരുന്നു.
Next Story

RELATED STORIES

Share it