ബിഹാര്‍, ഗോവ, മണിപ്പൂര്‍ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പിന്നാലെ ആര്‍ജെഡി, കോണ്‍ഗ്രസ് എംഎല്‍എമാര്‍. മണിപ്പൂരിലും ഗോവയിലും ബിഹാറിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്, ആര്‍ജെഡി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.
ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ആര്‍ജെഡിക്കുണ്ടെന്ന് ഗവര്‍ണറെ കണ്ടതിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ഗോവ, മണിപ്പൂര്‍, ബിഹാര്‍ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കത്ത് നല്‍കിയത്.
കോണ്‍ഗ്രസ്സിന്റെയും സിപിഐ എംഎല്ലിന്റെയും പിന്തുണയുണ്ടെന്നും ആര്‍ജെഡി നേതാക്കള്‍ വ്യക്തമാക്കി, മണിപ്പൂരില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്ത്വം ആക്റ്റിങ് ഗവര്‍ണര്‍ ജഗദീഷ് മുഖിയെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതായി കോണ്‍ഗ്രസ് വക്താവ് കെ ജയ്കിഷന്‍ സിങ് അറിയിച്ചു.
ഗോവയിലെ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സാണെന്നും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തുനല്‍കി.
2017ല്‍ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി,  ബിജെപി സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it