ബിഹാര്‍: ഇരുസഖ്യവും പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രണ്ടു പ്രധാന മുന്നണികളും പരാതികളുമായി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്കും പാര്‍ട്ടി നല്‍കിയ തിരഞ്ഞെടുപ്പ് പരസ്യത്തിനുമെതിരേയാണ് മതനിരപേക്ഷസഖ്യം കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, മതനിരപേക്ഷ സഖ്യത്തിന്റെ നേതാക്കള്‍ വോട്ടര്‍മാരില്‍ മതധ്രുവീകരണം നടത്തുന്നുവെന്ന ആരോപണമാണ് ബിജെപി സംഘം കമ്മീഷനില്‍ ഉന്നയിച്ചത്.
ബിഹാറില്‍ ബിജെപി തോല്‍ക്കുകയാണെങ്കില്‍ പാകിസ്താനില്‍ പടക്കംപൊട്ടിക്കുമെന്ന് പ്രസ്താവന നടത്തിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ബിഹാറില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് മതനിരപേക്ഷസഖ്യത്തിലെ ഘടകകക്ഷികളായ ജെഡിയുവും കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അമിത് ഷായുടെ പ്രസ്താവന പ്രകോപനപരമാണെന്നും അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും അവര്‍ പറഞ്ഞു. മുമ്പ് ഗുജറാത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു ഷായെ കോടതി തടഞ്ഞതാണ്. ബിജെപി തിരഞ്ഞെടുപ്പ് പരസ്യത്തിലൂടെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്നും മതനിരപേക്ഷ സഖ്യ നേതാക്കള്‍ കമ്മീഷനെ അറിയിച്ചു. കോണ്‍ഗ്രസ് വക്താക്കളായ രണ്‍ദീപ് സുര്‍ജവാല, അജോയ്കുമാര്‍, ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സൈദിയെ കണ്ട് നിവേദനം നല്‍കിയത്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘമാണ് മതനിരപേക്ഷ സഖ്യത്തിനെതിരേ ആരോപണവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി നേതാക്കള്‍ ബിഹാറിലെ വോട്ടര്‍മാരില്‍ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ പ്രധാന പരാതി.
Next Story

RELATED STORIES

Share it