ബിഹാര്‍: അനാഥമന്ദിരത്തില്‍ പീഡനത്തിനിരയായത് 34 പെണ്‍കുട്ടികള്‍

പട്‌ന: ബിഹാറിലെ അനാഥമന്ദിരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മുസഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥമന്ദിരത്തിലാണ് 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.
നേരത്തേ, 29 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, 29 കുട്ടികള്‍ അല്ലെന്നും 34 കുട്ടികളാണ് പീഡനത്തിനിരയായതെന്നും മുസഫര്‍പൂര്‍ സീനിയര്‍ എസ്പി ഹര്‍പ്രീത് കൗര്‍ പറഞ്ഞു.
ആകെയുള്ള 42 കുട്ടികളുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷം കഴിഞ്ഞയാഴ്ച വന്ന റിപോര്‍ട്ടില്‍ 29 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് ഉണ്ടായിരുന്നത്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിലാണ് ലൈംഗികചൂഷണം വെളിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐ അന്വേഷണത്തിന് വ്യാഴാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, സംസ്ഥാന സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനാഥമന്ദിരം നടത്തുന്ന എന്‍ജിഒയുടെ രക്ഷാധികാരി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിനും സംസ്ഥാന പോലിസ് മേധാവിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
ചില വേട്ടക്കാരുടെ ആര്‍ത്തി തീര്‍ക്കാനുള്ള സ്ഥലമായി അനാഥമന്ദിരം മാറിയെന്നു മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it