Flash News

ബിസിസിഐയുടെ അനുമതിയില്ല ; റെയ്‌നയും സഞ്ജുവും ടിഎന്‍പിഎല്‍ കളിക്കില്ല



ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കും സഞ്ജു വി സാംസണും തമിഴ് നാട് പ്രീമിയര്‍ ലീഗില്‍ (ടിഎന്‍പിഎല്‍) കളിക്കാനാവില്ല. ടിഎന്‍പിഎല്‍ കളിക്കുന്നതിനുള്ള അനുമതി ബിസിസിഐ നിഷേധിച്ചതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. തമിഴ്‌നാട് സംസ്ഥാനത്തിന് പുറത്തുള്ള താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ മലയാളി താരം സഞ്ജു സാംസണും ബേസില്‍ തമ്പിക്കും ടിഎന്‍പിഎല്ലില്‍ കളിക്കാനാവില്ലെന്ന കാര്യം ഉറപ്പായി. യൂസഫ് പഠാന്‍, പീയൂഷ് ചൗള, യുസ്‌വേന്ദ്ര ചാഹല്‍ തുടങ്ങിയ താരങ്ങളും ടിഎന്‍പിഎല്ലില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.അതേ സമയം ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയുടെ നേതൃത്വത്തില്‍ ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ സംസ്ഥാനങ്ങളുടെ തൊഴിലാളികളാവുകയാണെന്ന് ബിസിസിഐ ആരോപിച്ചു. സ്വകാര്യ വ്യക്തികള്‍ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് ലീഗുകളില്‍ ഇന്ത്യന്‍ ദേശീയ ടീം താരങ്ങളെ പങ്കെടുപ്പിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഈ മാസം 23ന് ടിഎന്‍പിഎല്ലിന്റെ താരലേലം നടക്കാനിരിക്കെയാണ് ബിസിസിഐയുടെ നടപടി.ഇത്തരം പ്രീമിയര്‍ ലീഗുകള്‍ രാജ്യത്തെ യുവ താരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെങ്കിലും നിലവിലെ നിയമപ്രകാരം ദേശീയ താരങ്ങളെ സംസ്ഥാന ലീഗുകളില്‍ കളിപ്പിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ ഗൗതം ഗംഭീര്‍ ടിഎന്‍പിഎല്ലിന്റെ മെന്‍ഡര്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടിഎന്‍പിഎല്ലില്‍ 24 ഇതര സംസ്ഥാന താരങ്ങള്‍ക്കായിരുന്നു കളിക്കാന്‍ അവസരമുണ്ടായിരുന്നത്. ജൂലായ് 22 നാണ് ടിഎന്‍പിഎല്‍ ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലിസ്റ്റ് എ മല്‍സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് ടിഎന്‍പിഎല്ലില്‍ ലഭിക്കുന്ന പ്രതിഫലം.
Next Story

RELATED STORIES

Share it