ബിഷപ് സൂസെപാക്യം പിഒസിയിലെത്തി ചര്‍ച്ച നടത്തി

കൊച്ചി: അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരള കാത്തലിക് ബിഷപ്‌സ് കൗ ണ്‍സിലിന്റെ (കെസിബിസി) ഇടപെടല്‍. കെസിബിസി അധ്യക്ഷന്‍ ബിഷപ് സൂസെപാക്യത്തിന്റെ നേതൃത്വത്തിലാണ് അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നത്. സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവയും സൂസെപാക്യത്തോടൊപ്പമുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരും ഇന്നലെ പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റല്‍ സെന്ററില്‍ (പിഒസി) എത്തി കര്‍ദിനാളുമായും സഹായ മെത്രാന്മാരുമായും ചര്‍ച്ചകള്‍ നടത്തി.
അടുത്ത ദിവസം ഇരുവരും സീറോ മലബാര്‍ സഭാ സ്ഥിരം സിനഡുമായും തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രംഗത്തുവന്ന വൈദികരുമായും ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഏതൊക്കെ തരത്തിലുള്ള ചര്‍ച്ചകളാണ് സ്ഥിരം സിനഡുമായി നടത്തേണ്ടത് തുടങ്ങിയതു സംബന്ധിച്ച ആശയവിനിമയത്തിനായാണ് ഇരുവരും പിഒസിയിലെത്തിയത്. പ്രശ്‌നം എങ്ങനെ പരിഹരിക്കാനാവും, അതിന് എത്തരത്തിലാണ് മുന്നോട്ടുപോകേണ്ടത് എന്നിവയൊക്കെയാണ് ചര്‍ച്ച ചെയ്തത്.
പ്രശ്‌നത്തില്‍ കെസിബിസിയുടെ മധ്യസ്ഥശ്രമം സഭാ വക്താവും സ്ഥിരീകരിച്ചു. സഭാവിശ്വാസികളെയാകെ ബാധിക്കുന്ന ഇപ്പോഴത്തെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് ആലോചിക്കുന്നതിനാണ് കെസിബിസി അധ്യക്ഷനും ക്ലീമീസ് ബാവയും എത്തിയതെന്ന് സഭാവക്താവ് വര്‍ഗീസ് വള്ളിക്കാട്ട് വിശദീകരിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് തുടക്കമിടേണ്ടത് അതിരൂപതയില്‍ നിന്നാണ്. ഇതുസംബന്ധിച്ച തീരുമാനമുണ്ടാകേണ്ടത് സിനഡില്‍ നിന്നും. എങ്ങനെയാണ് ഇതു സാധ്യമാക്കുകയെന്ന് കൂടിയാലോചിക്കുന്നതിനാണ് ഇരുവരും എത്തിയത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദ ഭൂമിയിടപാടില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും കര്‍ദിനാളിനെതിരേ പോലിസ് കേസെടുത്തില്ല. സംഭവത്തില്‍ നിയമോപദേശം തേടിയതിനാലാണ് കര്‍ദിനാളിനെതിരേ കേസെടുക്കാന്‍ വൈകുന്നതെന്നാണ് പോലിസ് ഭാഷ്യം. എജിയോടാണ് നിയമോപദേശം തേടിയത്. തിങ്കളാഴ്ച മാത്രമേ എജിയുടെ നിയമോപദേശം ലഭിക്കുകയുള്ളൂവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മാത്രമേ കര്‍ദിനാളിനെതിരേ കേസെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.
എന്നാല്‍, ഉത്തരവ് വന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും കേസ് എടുക്കാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ വൈദിക സമിതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലിസ് കര്‍ദിനാളിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഉടനെ കേസ് എടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും വൈദിക സമിതി വ്യക്തമാക്കി. കര്‍ദിനാളിനു സുപ്രിംകോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പോലിസ് കേസെടുക്കുന്നത് വൈകിക്കുന്നതെന്നും സമിതി ആരോപിച്ചു.
വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേയാണ് ഹൈക്കോടതി അന്വേഷണത്തിന് ജസ്റ്റിസ് കമാല്‍പാഷ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it