ബിഷപ് ഫ്രാങ്കോ 19ന് ഹാജരാവണം; അറസ്റ്റ് ചോദ്യംചെയ്യലിനു ശേഷം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുകുന്നു. ഈ മാസം 19ന് അന്വേഷണസംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാവണമെന്നു നിര്‍ദേശിച്ച് ബിഷപ്പിന് നോട്ടീസയച്ചു. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന അവലോകന യോഗത്തിന് ഒടുവിലാണ് തീരുമാനം. നോട്ടീസ് നല്‍കിയതായും ബിഷപ് ഹാജരാവുമെന്നും യോഗത്തിനുശേഷം ഐജി വിജയ് സാഖറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി യോഗം വിലയിരുത്തി. കേസില്‍ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇര, സാക്ഷികള്‍, ആരോപണവിധേയന്‍ എന്നിവരുടെയെല്ലാം മൊഴികളില്‍ വൈരുധ്യങ്ങളുണ്ട്. ഇവ കൃത്യമായി പരിശോധിച്ചു തീരുമാനത്തിലെത്തിയിട്ടുണ്ട്.
അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവുന്ന ബിഷപ്പിനെ കോട്ടയം എസ്പിയും വൈക്കം ഡിവൈഎസ്പിയും ചോദ്യം ചെയ്യും. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് അടുത്തദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അന്വേഷണത്തില്‍ വേഗമില്ലെന്നു പറയുന്നത് ശരിയല്ല. വളരെ പഴക്കമുള്ള ഒരു വിഷയമാണ്. ഇതോടൊപ്പം മൊഴിയിലെ വൈരുധ്യങ്ങളും തടസ്സമാണ്. ഇരയ്ക്കു നീതി ലഭ്യമാക്കാനാണ് പോലിസിന്റെ ശ്രമം. 19ന് ബിഷപ് വരും. അദ്ദേഹത്തെ ചോദ്യംചെയ്ത ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഐജി പറഞ്ഞു. ബിഷപ്പിനെ പോലിസ് സംരക്ഷിക്കുന്നുവെന്ന് പരാതിക്കാര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് ചോദ്യത്തിനു മറുപടിയായി ഐജി പറഞ്ഞു. ഇരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ബിഷപ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ചോദ്യത്തിനു മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച യോഗം വൈകുന്നേരം നാലരയോടെയാണ് അവസാനിച്ചത്. യോഗത്തില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങളും മൊഴികളും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോട്ടയം എസ്പി ഹരിശങ്കറും ഡിവൈഎസ്പി സുഭാഷും ഐജി വിജയ് സാഖറെയുടെ മുമ്പാകെ വിശദീകരിച്ചു.

Next Story

RELATED STORIES

Share it