ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നവംബര്‍ അഞ്ചിനകം ലാപ്‌ടോപ്പ് ഹാജരാക്കണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം ജലന്ധറില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി. ഇന്നലെ രാവിലെ 10.30നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ മുന്നില്‍ ബിഷപ് ഹാജരായത്.
പോലിസിനു മുമ്പില്‍ ഹാജരാവുമ്പോള്‍ കന്യാസ്ത്രീക്കെതിരായി ബിഷപ് മുമ്പ് അന്വേഷണ ഉത്തരവ് തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കിയില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാവുന്ന സമയത്ത് ലാപ്‌ടോപ്പ് കൂടി ഹാജരാക്കണമെന്നു പോലിസ് ആവശ്യപ്പെട്ടിരുന്നതാണ്.ലാപ്‌ടോപ്പ് ഹാജരാക്കാത്തതുമൂലം നവംബര്‍ അഞ്ചിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് ബിഷപ്പിന് നോട്ടീസ്് നല്‍കി. അഞ്ചിനകം ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രിക്കെതിരേ ബിഷപ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കന്യാസ്ത്രീ തനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് ഈ ഉത്തരവിന്റെ പക തീര്‍ക്കുകയായിരുന്നെന്നാണ് ബിഷപ് വാദിച്ചത്.
എന്നാല്‍, കന്യാസ്ത്രീക്കെതിരായ ബിഷപ് ഫ്രാങ്കോയുടെ അന്വേഷണ ഉത്തരവ് വ്യാജമെന്നു പോലിസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് തെളിയിക്കാന്‍ ലാപ്‌ടോപ്പ് ഹാജരാക്കാന്‍ പോലിസ് നിര്‍ദേശം നല്‍കിയത്. അതേസമയം, കേസിലെ സാക്ഷി ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാന്‍ ബിഷപ് തയ്യാറായില്ല.

Next Story

RELATED STORIES

Share it