ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിആരും നിയമത്തിന് അതീതരല്ല: ഹൈക്കോടതി

കൊച്ചി: ആരും നിയമത്തിന് അതീതരല്ലെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഹൈക്കോടതി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ്, മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹരജികളില്‍ സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. 13നു വീണ്ടും ഹരജികള്‍ പരിഗണിക്കും. നേരത്തേ സമാന ആവശ്യം ഉന്നയിച്ച് കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ് നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പ്രതിയെ ചോദ്യംചെയ്തശേഷം അറസ്റ്റ് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നു വ്യക്തമാക്കി ആഗസ്ത് 13നാണ് ഹരജി തള്ളിയത്. ഇതിനുശേഷം ഒരുമാസം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ആഗസ്ത് 13ലെ ഉത്തരവിനുശേഷം സ്വീകരിച്ച നടപടികള്‍ എന്താണ്, പീഡനക്കേസുകളിലെ ഇരയെ സംരക്ഷിക്കാന്‍ പദ്ധതി നിലവിലുണ്ടോ, ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചു എന്നീ മൂന്നു കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. പരാതിയില്‍ കന്യാസ്ത്രീയോടു വ്യക്തത തേടിയതിനപ്പുറം അന്വേഷണം പുരോഗമിച്ചിട്ടില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തേയുള്ള ഹരജിയില്‍ അന്വേഷണപുരോഗതി റിപോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ട് ഒരുമാസം കഴിഞ്ഞെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഒരു എംഎല്‍എ നടത്തിയെന്ന് ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇങ്ങനെയൊരു പരാതിയുമായി ഇരയാണു വരേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണു പരാതി. പോലിസില്‍ പരാതി നല്‍കി 75 ദിവസം കഴിഞ്ഞിട്ടും ന്യായമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയില്ലെന്ന് ഹരജികളില്‍ പറയുന്നു.അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യും. ചോദ്യംചെയ്യുന്നതിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് പോലിസ് ഈയാഴ്ച ബിഷപ്പിന് നോട്ടീസ് നല്‍കും. വിശദമായ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു നീങ്ങാനാണ് തീരുമാനം. ഇതിനു മുന്നോടിയായി നാളെ ഐജിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ സാക്ഷികളില്‍ ചിലരുടെ മൊഴികള്‍ വീണ്ടും എടുക്കാനുള്ള നീക്കത്തിലാണ് പോലിസ്. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയ ഭാഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയ കണ്ടത്തിലിന്റെ മൊഴി അന്വേഷണസംഘം എടുത്തു.

Next Story

RELATED STORIES

Share it