ബിഷപ് ഫ്രാങ്കോ: നുണപരിശോധന വേണം; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്‌

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താനൊരുങ്ങി പോലിസ്. കുറവിലങ്ങാട്ടെ മഠത്തിലെത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തിയെങ്കിലും ബിഷപ് കുറ്റസമ്മതം നടത്താത്ത സാഹചര്യത്തിലാണ് പോലിസ് നുണപരിശോധനയ്ക്കായി കോടതിയെ സമീപിക്കുന്നത്. പോലിസിന്റെ പല ചോദ്യങ്ങളോടും അറിയില്ല, ഓര്‍മയില്ല എന്ന രീതിയിലാണ് ബിഷപ് പ്രതികരിക്കുന്നത്.
ബിഷപ് പറയുന്ന പല കാര്യങ്ങളും കളവാണെന്നു കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ നുണപരിശോധന നിര്‍ണായകമാവുമെന്നാണ് വിലയിരുത്തുന്നത്. പരിശോധനയെ ബിഷപ് കോടതിയില്‍ എതിര്‍ത്താല്‍ അത് മറ്റൊരു സാഹചര്യത്തെളിവാക്കാമെന്നു പോലിസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് പോലിസിന് തെളിവായി ചൂണ്ടിക്കാണിക്കാം.
ഇതിനിടെ, ബിഷപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ജാമ്യമെടുക്കുന്നതിനുള്ള നീക്കത്തിലാണ്. എന്നാല്‍, ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന് പോലിസ് കോടതിയില്‍ വാദിക്കും. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലും കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്കു കൈമാറിയ സംഭവത്തിലും അന്വേഷണം ഊര്‍ജിതമാക്കാന്‍ കോട്ടയം എസ്പി ഹരിശങ്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിഎംഐ സഭാ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലവിലുണ്ട്. ബിഷപ്പിനെതിരായ പരാതിയില്‍ നിന്നു പിന്‍മാറിയാല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ സ്ഥലവും പുതിയ മഠവും നിര്‍മിച്ചുനല്‍കാമെന്നുള്ള ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നിരുന്നു. ഇതോടൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒക്കെതിരേയുള്ള അന്വേഷണവും ശക്തമാക്കും.

Next Story

RELATED STORIES

Share it