Flash News

ബിഷപ് ഫ്രാങ്കോ: ചുമതല കൈമാറി; കേരളത്തിലെത്തും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതിന്റെ മുന്നോടിയായി ബിഷപ് രൂപതാ ഭരണച്ചുമതലകള്‍ മോണ്‍സിഞ്ഞോര്‍ ഫാ. മാത്യു കോക്കണ്ടത്തിനു നല്‍കിയതായി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. രൂപതയില്‍ ഇല്ലാതിരിക്കുമ്പോള്‍ ചുമതല കൈമാറാറുള്ള സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണിതെന്നും ബിഷപ് തന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ മാസം 19ന് അന്വേഷണസംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ നടപടി. ഈ മാസം 13നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അയച്ചിരിക്കുന്നത്. ഫാ. മാത്യു കോക്കണ്ടത്തെ കൂടാതെ ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍, ഫാ. ജോസഫ് തേക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയിട്ടുണ്ട്. തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ സര്‍ക്കുലര്‍ ആരംഭിച്ചിരിക്കുന്നത്.
തനിക്കെതിരേ ശേഖരിച്ചിരിക്കുന്ന തെളിവുകളില്‍ നിരവധി വൈരുദ്ധ്യങ്ങളുള്ളതായി അന്വേഷണസംഘം തന്നെ കണ്ടെത്തിയതായി മാധ്യമവാര്‍ത്തകളില്‍ നിന്ന് അറിഞ്ഞിരിക്കുമല്ലോ. ഇതില്‍ വ്യക്തത വരുത്താനായി അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേരളത്തിലേക്കു വിളിച്ചുവരുത്തുമെന്നാണ് വിവരം. വിഷമകരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ എനിക്കായി നിങ്ങളുടെ പ്രാര്‍ഥന തുടരണം. ഇര എന്നു വിശേഷിപ്പിക്കപ്പെടുന്നയാള്‍ക്കു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കണം.
അതുവഴി ദൈവികമായ ഇടപെടലുകള്‍ ഉണ്ടാവുകയും ഹൃദയങ്ങളില്‍ മാറ്റം സംഭവിക്കുകയും സത്യം പുറത്തുവരുകയും ചെയ്യുമെന്നാണ് പ്രത്യാശിക്കുന്നത്. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ദൈവത്തിന്റെ കരങ്ങളില്‍ എല്ലാം സമര്‍പ്പിക്കുന്നുവെന്നും ബിഷപ് കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, വത്തിക്കാന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി കേരളത്തിലേക്ക് എത്തുന്നതെന്നാണ് വിവരം. പോലിസ് അന്വേഷണം നടത്തുന്ന വിവരവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുന്ന വിവരവും വത്തിക്കാന്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ചിരിക്കുന്ന ഒമ്പതു കര്‍ദിനാള്‍മാര്‍ അടങ്ങുന്ന സമിതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയിരിക്കുന്ന പരാതി ചര്‍ച്ച ചെയ്തതായും വിവരമുണ്ട്.
പോലിസിന്റെ ചോദ്യം ചെയ്യലിനു ഹാജരാവുന്നതിനു മുമ്പ് ബിഷപ്പിനെതിരേ വത്തിക്കാന്റെ നടപടി ഉണ്ടാവുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്. സഭയുടെ സ്ഥാനം വഹിക്കുന്ന ഒരു ബിഷപ് അറസ്റ്റിലാവുന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it