ബിഷപ് അറസ്റ്റില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് കാര്യാലയത്തിലെ ഹൈടെക് സെല്‍ ഓഫിസില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യംചെയ്യലിന് ഒടുവിലാണ് ബിഷപ്പിനെ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. അതേസമയം, കോട്ടയം പോലിസ് ക്ലബിലേക്ക് പോവുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കി മൂന്നു ദിവസത്തെ കസ്റ്റഡി കോടതിയോട് ആവശ്യപ്പെടാനായിരുന്നു പോലിസിന്റെ തീരുമാനം. കസ്റ്റഡിയില്‍ ലഭിച്ചശേഷം ലൈംഗികശേഷി ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു വിധേയനാക്കും. ആവശ്യമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുവസ്ത്രം ഒഴിവാക്കി വെളുത്ത ജുബ്ബയും പാന്റും ധരിപ്പിച്ചാണ് ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. കന്യാസ്ത്രീയെ ബിഷപ് ബലാല്‍സംഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് എസ്പി പറഞ്ഞു.
ബലാല്‍സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കല്‍, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ബുദ്ധിയോടെയുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ബിഷപ്പിനു മേല്‍ ചുമത്തിയിരിക്കുന്നതെന്നും എസ് പി പറഞ്ഞു. മൂന്നു ദിവസമായി നടന്ന ചോദ്യംചെയ്യലില്‍ കേസിന് ഉപകാരപ്രദമായ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. തനിക്കെതിരേ ഗൂഢാലോചനയുണ്ടെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ബിഷപ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും എസ്പി പറഞ്ഞു. കേസില്‍ തെളിവു നശിപ്പിക്കാന്‍ ബിഷപ്പിനെ സഹായിച്ചവരെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെയും വരുംദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.
ചോദ്യംചെയ്യല്‍ തുടങ്ങി രണ്ടാംദിവസം തന്നെ അറസ്റ്റ് അനിവാര്യമാണെന്ന തീരുമാനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, സഭാവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീയുടെ മൊഴി, ബിഷപ് കുറവിലങ്ങാട് മഠത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി അടക്കമുള്ള തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തുവെങ്കിലും ഇതെല്ലാം പാടെ നിഷേധിക്കുന്ന നിലപാടായിരുന്നു ബിഷപ് സ്വീകരിച്ചിരുന്നത്.
ബിഷപ്പിന്റെ മൊഴികളില്‍ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായി ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. ഇന്നലെ ബിഷപ്പില്‍ നിന്ന് അധികം ചോദ്യം ചെയ്യലില്ലാതെ ചില കാര്യങ്ങളില്‍ കൃത്യത വരുത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബിഷപ്. ഉച്ചയ്ക്ക് 12.30ഓടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ബിഷപ്പിനെ അറിയിച്ചു. ബിഷപ്പിന്റെ ബന്ധുക്കളെയും വിവരം ധരിപ്പിച്ചു. അറസ്റ്റ് സ്ഥിരീകരിച്ചതോടെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കന്യാസ്ത്രീകളുടെ സമരം ഇന്നു പിരിച്ചുവിടും.





Next Story

RELATED STORIES

Share it