Editorial

ബിഷപ്പുമാരുടെ പരാതികള്‍ക്ക് പരിഹാരം കാണണം

ഗോവന്‍ ആര്‍ച്ച് ബിഷപ് ഫാ. ഫിലിപ് നേരി ഫെറോ, രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്നും അതിനെ രക്ഷിക്കുന്നതിനു ക്രൈസ്തവ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യാനികള്‍ക്ക് അയച്ച ഇടയലേഖനം സമീപകാലത്തായി മോദി ഭരണകൂടത്തിന്റെ നയപരിപാടികള്‍ക്കെതിരേ കത്തോലിക്കാ സഭയില്‍ ശക്തിപ്പെടുന്ന ആശങ്കയാണ് പ്രതിഫലിപ്പിക്കുന്നത്. 15 പേജ് വരുന്ന ലേഖനത്തില്‍ പൗരന്‍മാര്‍ എന്തു വസ്ത്രം ധരിക്കണം, എന്തു ഭക്ഷിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ ഒരു കൂട്ടര്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടെന്ന് കുറ്റപ്പെടുത്തുന്നു. ഇത് രാജ്യത്ത് ഏകവര്‍ണ സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വികസനത്തിന്റെ പേരില്‍ ദരിദ്രരെ അവരുടെ കിടപ്പാടങ്ങളില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും ആട്ടിയോടിക്കുകയാണെന്നും ബിഷപ് ചൂണ്ടിക്കാട്ടുന്നു.
മിസോറാമില്‍ ഹിന്ദുത്വ തീവ്രവാദിയായ കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെതിരേ പ്രൊട്ടസ്റ്റന്റ് സഭയില്‍ പെട്ടവരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഒരു ഗവര്‍ണറുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയ ആദ്യത്തെ സംഭവമാണിതെന്നു പറയാം. തൊട്ടുമുമ്പാണ് ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ വിശ്വാസികള്‍ക്ക് അയച്ച കത്തില്‍ രാജ്യത്തെ അസ്വാസ്ഥ്യജനകമായ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഭരണഘടന ഉറപ്പുവരുത്തുന്ന ജനാധിപത്യ തത്ത്വങ്ങള്‍ക്കും രാഷ്ട്രത്തിന്റെ മതേതര ഘടനയ്ക്കും അത് ഭീഷണിയുയര്‍ത്തുന്നുവെന്നും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ പ്രാര്‍ഥിക്കണമെന്നും ബിഷപ് വിശ്വാസികളോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രചൈതന്യത്തിന്റെ പുനരുജ്ജീവനത്തിനായി വെള്ളിയാഴ്ച തോറും വ്രതം അനുഷ്ഠിക്കാനും ബിഷപ് നിര്‍ദേശിച്ചു.
ബിഷപ്പിന്റെ ആഹ്വാനത്തിനെതിരായി ഹിന്ദുത്വകേന്ദ്രങ്ങളില്‍ വലിയ എതിര്‍പ്പാണ് ഉണ്ടായത്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും ബിജെപി അനുകൂലിയുമായ ഖൈറുല്‍ ഹസന്‍ റിസ്‌വി ആള്‍ക്കൂട്ടക്കൊല വ്യാപകമായ കാര്യമൊന്നുമറിയാതെ, നാട്ടില്‍ അസ്വാസ്ഥ്യം ഉളവാക്കുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമില്ലെന്നു പറഞ്ഞ് രംഗത്തുവന്നു. ഇടതുപക്ഷത്തു നിന്നു ഹിന്ദുത്വ ക്യാംപിലേക്ക് കളം മാറിയ കേരളത്തില്‍ നിന്നുള്ള മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും ബിഷപ്പിന്റെ ആഹ്വാനം കുപിതനാക്കിയിരുന്നു.
സഭാധ്യക്ഷന്‍മാരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ ഇതാദ്യമായിരുന്നില്ല. ബിഷപ്പുമാരുടെ പരോക്ഷ വിമര്‍ശനത്തില്‍ വരെ രോഷാകുലരായ ബിജെപി നേതാക്കള്‍ കത്തോലിക്കാ സഭയ്ക്കും വത്തിക്കാനുമെതിരേ ഇപ്പോള്‍ വലിയ വിമര്‍ശനമഴിച്ചുവിടുന്നുണ്ട്.  എന്നാല്‍, മോദി അധികാരത്തില്‍ വന്ന ശേഷം ക്രൈസ്തവര്‍ക്കെതിരായ നൂറുകണക്കിന് ആക്രമണങ്ങളാണ് നടന്നത്. ചര്‍ച്ചുകള്‍ തകര്‍ക്കുന്നതും ക്രൈസ്തവരുടെ ആരാധന തടയുന്നതും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വീടുകള്‍ ആക്രമിക്കുന്നതും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പതിവാണ്. എല്ലാറ്റിന്റെയും പിന്നില്‍ ഹിന്ദുത്വ വിഭാഗങ്ങള്‍ തന്നെ. ആ നിലയ്ക്ക് ബിഷപ്പുമാരുടെ പ്രതികരണത്തില്‍ അസ്വാഭാവികതയൊന്നുമില്ല. പുരോഹിതന്‍മാരെ ആക്രമിക്കുന്നതിനു പകരം സ്വന്തം അണികളെ അടക്കിനിര്‍ത്താനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ മുന്നോട്ടുവരേണ്ടത്.
Next Story

RELATED STORIES

Share it