ബിഷപ്പിന്റേത് രാജിയെന്ന് തെറ്റിദ്ധരിച്ചു; സമരപ്പന്തലില്‍ ആഹ്ലാദവും പിന്നെ നിരാശയും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറിയത് സ്ഥാനം രാജിവച്ചതായി തെറ്റിദ്ധരിച്ച് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് സമരപ്പന്തല്‍ സ്വീകരിച്ചത് കൈയടികളോടെ. പിന്നീട് ചുമതല താല്‍ക്കാലികമായി കൈമാറിയതാണെന്നും രാജിവച്ചിട്ടില്ലെന്നും സ്ഥിരീകരണം വന്നതോടെ ആഹ്ലാദം നിരാശയിലേക്ക് വഴിമാറി. ഇന്നലെ രാവിലെയാണ് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങള്‍ക്ക് സമരപ്പന്തല്‍ സാക്ഷ്യം വഹിച്ചത്.
ചോദ്യംചെയ്യലിനായി കേരളത്തിലേക്കു മടങ്ങാനൊരുങ്ങുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറിയ സംഭവം രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ വ്യാഖാനിക്കുകയായിരുന്നു. ചാനലുകളില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു തുടങ്ങിയതോടെ സമരത്തിനു നേതൃത്വം നല്‍കുന്നവരില്‍ ചിലര്‍ മൈക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. പന്തലിലുണ്ടായിരുന്നവര്‍ കൈയടികളോടെയാണ് വാര്‍ത്തയെ സ്വാഗതം ചെയ്തത്. സമരം വിജയം കണ്ടുവെന്നും കന്യാസ്ത്രികള്‍ക്ക് നീതി ലഭിച്ചുവെന്നും മൈക്കിലൂടെ അറിയിപ്പായി എത്തുകയും ചെയ്തു. ആഹ്ലാദത്തിന് അല്‍പ്പസമയം മാത്രമായിരുന്നു ആയുസ്സ്. ചുമതല താല്‍ക്കാലികമായി കൈമാറിയതാണെന്നു മിനിറ്റുകള്‍ക്കുള്ളില്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു സ്ഥിരീകരണമെത്തിയതോടെ സമരപ്പന്തല്‍ ഒട്ടാകെ മൗനത്തിലായി.
ബിഷപ് മാറിനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ചുമതല കൈമാറുന്നത് നിത്യസംഭവമാണെന്നും ഇതു രാജിവച്ചതായി കണക്കാക്കാനാവില്ലെന്നും കന്യാസ്ത്രീകള്‍ തന്നെ പിന്നീട് അറിയിക്കുകയും ചെയ്തു. ബിഷപ് സ്ഥാനത്ത് നിന്നു ഫ്രാങ്കോ രാജിവച്ചാലും അറസ്റ്റുണ്ടാവുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍.



Next Story

RELATED STORIES

Share it