ബിഷപ്പിന്റെ ജാമ്യഹരജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ പരിഗണനക്കു വന്ന ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് നടപ്പാക്കിയത് കോടതിയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ന്യായമായ കാരണങ്ങളില്ലാതെയാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേ അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ കൂടി അഭിപ്രായം പരിഗണിച്ച് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കേരളത്തിലേക്ക് വന്നാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന് കന്യസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച പരാതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നല്‍കി. ഇതിന് ശേഷമാണ് പീഢനം സംബന്ധിച്ച പരാതി കന്യാസ്ത്രീ നല്‍കുന്നത്. കന്യാസ്ത്രീ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ ബലം പ്രയോഗിച്ചുള്ള പീഡനം ആരോപിച്ചിട്ടില്ല. പിന്നീട് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്ന പീഢന വിവരങ്ങള്‍ അവിശ്വസനീയവുമാണ്. ശാസ്ത്രീയമെന്ന പേരില്‍ അന്വേഷണ സംഘം തെളിവുകള്‍ വ്യാജമായി ഉണ്ടാക്കുകയാണ്. തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ല. അതിനാല്‍, ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മൂന്നു പൊതു താല്‍പര്യ ഹരജികള്‍ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി.
കേസില്‍ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് മലയാളവേദി സംസ്ഥാന പ്രസിഡന്റ്് ജോര്‍ജ് വട്ടുകുളവും ഇരക്കും സാക്ഷികള്‍ക്കും ഭീഷണി നിലവിലുള്ള സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നു ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റും നല്‍കിയ ഹരജികളാണ് തീര്‍പ്പാക്കിയത്.

Next Story

RELATED STORIES

Share it