ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണസംഘം

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന നിഗമനത്തില്‍ അന്വേഷണസംഘം. നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് രണ്ടാംഘട്ട ചോദ്യംചെയ്യലിനുശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം ആരംഭിച്ചിരിക്കുന്നത്. നേരത്തേ പരാതിക്കാരിയായ കന്യാസ്ത്രീയും സാക്ഷികളും ബിഷപ്പും ന ല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം വിശദമായ അന്വേഷണത്തില്‍ പോലിസ് സംഘം പരിഹരിച്ചു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണമാണ് പോലിസിനു ലഭിച്ചത്.
രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളില്‍ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളാണ്. അതിനാല്‍ തന്നെ ഈ മാസം 19ന് ചോദ്യംചെയ്യലിനു ഹാജരാവുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനാണു സാധ്യത. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്ന വിവരങ്ങളെല്ലാം പോലിസിനു ലഭിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് കുറവിലങ്ങാട് മഠത്തിലെത്തിയപ്പോള്‍ ബിഷപ് തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതിയില്‍ ആരോപിച്ചിരുന്നത്. ഈ ദിവസം താന്‍ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നില്ലെന്നാണ് ബിഷപ് വാദിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം മഠത്തിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 2014 മെയ് 5ന് ബിഷപ് മഠത്തിലെത്തിയിരുന്നുവെന്ന നിര്‍ണായക വിവരം ലഭിച്ചു. മഠത്തിലെ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീ ഇതുസംബന്ധിച്ച മൊഴി നല്‍കി. താന്‍ മുതലക്കോടം മഠത്തിലാണു താമസിച്ചതെന്ന ഫ്രാങ്കോയുടെ വാദം തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചില്ല. അതേസമയം, മുതലക്കോടത്ത് ബിഷപ് എത്തിയിട്ടില്ലെന്ന് രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീ മൊഴി നല്‍കി.
ഫ്രാങ്കോ കേരളത്തിലെത്തുമ്പോള്‍ ഡ്രൈവറായിരുന്നയാള്‍ നല്‍കിയ മൊഴിയാണു നിര്‍ണായകം. താനും ബിഷപ്പും കൂടി 2014 മെയ് 5ന് തൃശൂരില്‍ നിന്നു കുറവിലങ്ങാട് മഠത്തിലെത്തിയെന്നും തങ്ങള്‍ രണ്ടുപേരും ഇവിടെ താമസിച്ചെന്നുമായിരുന്നു ഇയാളുടെ മൊഴി. അതേസമയം, കര്‍ദിനാളിനു നല്‍കിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നതിന് കന്യാസ്ത്രീ അന്വേഷണസംഘത്തിനു മുന്നില്‍ തൃപ്തികരമായ വിശദീകരണമാണു നല്‍കിയത്. മൂന്നുപേരുടെ സാന്നിധ്യത്തിലാണു പരാതി ടൈപ്പ് ചെയ്ത് തയ്യാറാക്കിയത്. അവര്‍ ഇക്കാര്യം അറിയുമെന്നു ഭയന്നാണ് അത് പരാതിയില്‍നിന്ന് ഒഴിവാക്കിയതെന്ന് വിശദീകരിച്ചു. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തുവെന്നതിനും കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയതായാണു വിവരം. താന്‍ കൂടി പങ്കെടുക്കേണ്ട ചടങ്ങായതിനാലാണ് ഒഴിവാക്കാന്‍ പറ്റാതിരുന്നതെന്നായിരുന്നു കന്യാസ്ത്രീയുടെ നിലപാട്. പരാതി തയ്യാറാക്കിയ ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലിസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക രജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ രജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, പീഡനം നടന്ന സമയങ്ങളില്‍ ഇരുവരും ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താനായിട്ടില്ല. വത്തിക്കാന്‍ പ്രതിനിധിക്കു നല്‍കാനുള്ള പരാതി സ്വീകരിച്ച ഭാഗല്‍പൂര്‍ ബിഷപ് കേരളത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ ഭാഗല്‍പൂരിലെത്തി മൊഴി രേഖപ്പെടുത്താനാണ് പോലിസിന്റെ തീരുമാനം.

Next Story

RELATED STORIES

Share it