ബിഷപ്പിനെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു; ഇന്നും തുടരും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരായി. ബിഷപ്പിനെ ഇന്നലെ ഏഴു മണിക്കൂറാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അത്യാധുനിക സാങ്കേതിക സൗകര്യമുള്ള മുറിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം ബിഷപ്പിന്റെ മൊഴി പരിശോധിച്ച് വ്യക്തത വരുത്തി മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നു ലഭിക്കുന്ന വിവരം.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നിരപരാധിയാണെന്നു ചോദ്യം ചെയ്യലില്‍ ബിഷപ് ആവര്‍ത്തിച്ചെന്നാണു സൂചന. തനിക്ക് അനുകൂലമായ തെളിവുകള്‍ നല്‍കിയാണ് ബിഷപ് മറുപടി പറഞ്ഞത്.
ഇന്നു രാവിലെ 11ന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യലിനോട് ബിഷപ് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേസില്‍ കണ്ടെത്തിയ വൈരുധ്യങ്ങള്‍ പരിഹരിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അതേസമയം, ചോദ്യങ്ങളില്‍ ബിഷപ് നല്‍കിയ മറുപടിയില്‍ വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇന്നലെ രാവിലെ 11ഓടെയായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ രൂപതയിലെ വൈദികനും അഭിഭാഷകനുമൊപ്പം തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക് സെല്‍ ഓഫിസില്‍ എത്തിയത്. 11.15ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് 6.30 വരെ നീണ്ടു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പോലിസ് അകമ്പടിയോടെ കാറില്‍ മടങ്ങുന്നതിനിടയില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ ബിഷപ്പിന്റെ വാഹനത്തിനു മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും വിട്ടയക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി കാട്ടി പ്രതിഷേധം. തുടര്‍ന്ന് പോലിസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി.



Next Story

RELATED STORIES

Share it