Flash News

ബിഷപ്പിനെതിരേ സമരം: സഹോദരി ഇന്നു മുതല്‍ നിരാഹാരം ആരംഭിക്കും; നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൂത്ത സഹോദരി ഇന്നു മുതല്‍ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. രാവിലെ 11ന് നിരാഹാരസമരം ആരംഭിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ച് മുതല്‍ പ്രമുഖ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. പി ഗീതയും നിരാഹാരമിരിക്കും.
ഇതിനിടെ, കഴിഞ്ഞ എട്ട് ദിവസമായി സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന സ്റ്റീഫന്‍ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലിസെത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി. പകരം സമരസമിതി പ്രവര്‍ത്തക അലോഷ്യ ജോസഫ് നിരാഹാരം ആരംഭിച്ചു. കോഴിക്കോട്ട് പ്രഫ. എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ഇന്ന് 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പു സമരവും നടത്തും. നാളെ വൈകീട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്താനും തീരുമാനമായിട്ടുണ്ട്.
വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യുവും സംസ്ഥാനത്ത് മറ്റു ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന സംഘടനകളും ഇന്നലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങളിലേക്കും സേവ് ഒൗവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മറ്റു പ്രദേശങ്ങളില്‍ സമരം നടത്തുന്ന ജനകീയ സമരസമിതിയുമായി സഹകരിച്ചാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഇതിന് മുന്നോടിയായി സമരത്തിന്റെ ഒമ്പതാം ദിവസമായ ഇന്നലെ സംസ്ഥാനത്തെ പ്രധാന ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ ആരംഭിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി. ജനകീയ സമരസംഗമം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകള്‍ ആരംഭിച്ചിരിക്കുന്നത് ഐതിഹാസിക സമരമാണെന്നും സഭയെ ഒന്നാകെ ശുദ്ധീകരിക്കുന്നതിന് ഇതു വഴിവയ്ക്കുമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. മതനിയമങ്ങള്‍ പിന്തുടരേണ്ട സമയം അവസാനിച്ചു. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ രാജ്യത്ത് പാലിക്കപ്പെടേണ്ടത് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളാവണമെന്നും സംസ്ഥാനത്തെ സ്ത്രീകളൊന്നാകെ സമരത്തിനു പിന്തുണ നല്‍കുന്നുണ്ടെന്നും കുരീപ്പുഴ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളുടെ സമരത്തില്‍ സഭയുടെ അടിത്തറ ഇളകിയിട്ടുണ്ടെന്നും അരമനകളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതികരിച്ചു. ഇന്നലത്തെ സമരം അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ മടങ്ങിയതിനുശേഷമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ സമരവേദിയിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
കീഴാറ്റൂര്‍ സമരസമിതി, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍, പശ്ചിമഘട്ട സംരക്ഷണ വേദി, പുതുവൈപ്പ് ഐഒസി വിരുദ്ധ സമിതി, അധിനിവേശ പ്രതിരോധ സമിതി, സ്ത്രീ കൂട്ടായ്മയായ ശബ്ദം, പെണ്ണൊരുമ, ആര്‍എംപി, മനുഷ്യാവകാശ സംരക്ഷണ വേദി, യുവകലാ സാഹിതി തുടങ്ങി സംസ്ഥാനത്തെ പ്രധാന ജനകീയ സമര സമിതി പ്രവര്‍ത്തകരെല്ലാം പിന്തുണ പ്രഖ്യാപിച്ചു. കന്യാസ്ത്രീക്ക് നീതി തേടി ഇന്നു മുതല്‍ ഇവരുടെ കൂടി പിന്തുണയോടെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it