Kollam Local

ബിവറേജ് ഔട്ട്‌ലെറ്റ് തുടങ്ങാന്‍ നീക്കം : മദ്യം നാട്ടുകാര്‍ തിരിച്ചയച്ചു



പത്തനാപുരം: ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനായി എത്തിച്ച മദ്യം നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. തലവൂര്‍ പഞ്ചായത്തിലെ കമുകുംചേരിയിലേക്ക് കൊണ്ട് വന്ന മദ്യക്കുപ്പികള്‍ അടങ്ങിയ പെട്ടികളാണ് നാട്ടുകാര്‍ തിരിച്ചയത്. 150ലധികം കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസമേഖലയിലേക്ക് ഔട്ട്‌ലെറ്റ്  മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണ് തടഞ്ഞത്.സംസ്ഥാനപാതയില്‍ പത്തനാപുരം നെടുംപറമ്പ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ലോറിയില്‍ ഇവിടേക്ക് പെട്ടികള്‍ എത്തിച്ചത്. ഇറക്കി തുടങ്ങിയപ്പോള്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ ബഹളം ഉണ്ടാക്കുകയും തടയുകയും ചെയ്തു.ഇതിന് സമീപത്തായാണ് രണ്ട് ആരാധനാലയങ്ങള്‍ ഉള്ളത്. കമുകുംചേരി ക്ഷേത്രത്തിന്റെ കാവുകളും ഈ കെട്ടിടത്തിന് സമീപത്താണ്. നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാതയും ജലസ്രോതസ്സും ദേവാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബെവ്‌കോ ഔട്ട്‌ലെറ്റ് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിനെതിരേ പ്രദേശവാസികള്‍ രംഗത്തുണ്ട്. രാത്രിയോടെ വാഹനത്തില്‍ നിന്നും ഇറക്കിയ സാധനങ്ങള്‍ നാട്ടുകാര്‍ തിരിച്ച് കയറ്റുകയും ചെയ്തു. കഴിഞ്ഞ മാസവും ഔട്ട് ലെറ്റ് ഇവിടേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു. അന്ന് നാട്ടുകാര്‍ രാത്രിയില്‍ കാവലിരിക്കുകയും ചെയ്തിരുന്നു. കെട്ടിടം വിട്ടുനല്‍കാന്‍ സ്വകാര്യവ്യക്തി സമ്മതിച്ചതായും അധികൃതര്‍ പറയുന്നു.സംഭവമറിഞ്ഞ് പോലിസും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it