Pathanamthitta local

ബിവറേജസ് സമരം ; സ്ത്രീകളടക്കം 60പേര്‍ അറസ്റ്റില്‍



ചെങ്ങന്നൂര്‍: നഗരസഭയിലെ  ജനവാസ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മദ്യവില്‍പനശാല തുറന്നതിനെതിരേ ജനകീയ സമരം. കുട്ടികളോടൊപ്പം സമരത്തിനിറങ്ങിയ സ്ത്രീകള്‍ അടക്കമുള്ള 60പേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ടയച്ചു. 34 സ്ത്രീകളും 8 പുരുഷന്മാരുടെയും അറസ്റ്റ് രേഖപ്പെടുത്തി കേസ്സെടുത്തിട്ടുണ്ട്. നഗരസഭ 19ാം വാര്‍ഡിലെ തോട്ടിയാട്ട് കവലയില്‍ കഴിഞ്ഞ 27നാണ് മദ്യശാല തുറന്നത്. പ്രദേശത്ത് മദ്യശാല തുടങ്ങുന്നെന്ന അഭ്യൂഹം നേരത്തേ മുതലേ പരന്നിരുന്നു. അതിനാല്‍ ഏറെ നാളുകളായി ഇതിനെതിരേ ജനകീയ പ്രക്ഷോഭം നടന്നു വന്നിരുന്നു. പ്രാദേശിക സിപിഎം നേതാക്കളും സമരത്തിന് പിന്‍തുണയുമായിട്ട് മുമ്പ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ മദ്യശാലയ്‌ക്കെതിരേ സമരം നടത്താന്‍ പാടില്ലെന്ന ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ പിന്‍മാറി. ഇതോടെ സമരം സ്ത്രീകള്‍ ഏറ്റെടുത്തു. സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ സമരത്തിനിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കൈക്കുഞ്ഞുങ്ങളെയും എടുത്ത് സത്രീകള്‍ സമരത്തിനിറങ്ങി. തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മദ്യശാലയ്ക്ക് മുന്നില്‍ ഇവര്‍ കുത്തിയിരുന്നു. സമാധാനപരമായ സമരത്തില്‍ മദ്യശാല ആരംഭിക്കരുതെന്ന് പ്ലക്കാര്‍ഡുകളും മറ്റും ഉയര്‍ത്തിയിരുന്നു. ഇവര്‍ക്ക് പിന്‍തുണയുമായി എസ്‌യുസിഐ പ്രവര്‍ത്തകരും രംഗത്തെത്തി. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ എസ്‌ഐഎം സുധിലാലിന്റെ നേതൃത്വത്തില്‍  പോലിസ് സംഘം സ്ഥലത്തെത്തി. പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്നായി പോലിസ്. 11 മണിയോടെ പോലിസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി. വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. സമരം ശക്തമാക്കാന്‍ മധു ചെങ്ങന്നൂര്‍ കണ്‍വീനറും രാജമ്മ അപ്പുക്കുട്ടന്‍ ചെയര്‍പേഴ്‌സണുമായി ജനകീയ സമരസമിതി രൂപവല്‍ക്കരിച്ചു.
Next Story

RELATED STORIES

Share it