wayanad local

ബിവറേജസ് ഔട്ട്‌ലെറ്റ് പെരുവകയിലേക്ക് മാറ്റുന്നതിനെതിരേ അനിശ്ചിതകാല സമരം



മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ വിദേശ മദ്യശാല പെരുവകയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സ്ത്രീകളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് രാപ്പകല്‍ സമരം. റോഡരികില്‍ പന്തല്‍കെട്ടി അതില്‍ ഭക്ഷണം പാചകം ചെയ്തു കഴിച്ചാണ് സമരം നടത്തുന്നത്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് പെരുവകയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മാനന്തവാടിയിലെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം 500 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കെട്ടിടത്തിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയുള്ള പൊതുമരാമത്ത് അധികൃതരുടെയും അപകടം സംഭവച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള തടസ്സങ്ങള്‍ നിരത്തിയുള്ള അഗ്നിശമന വിഭാഗത്തിന്റെയും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എത്രയും വേഗം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് ഔട്ട്‌ലെറ്റ് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍, തങ്ങളുടെ സൈ്വരജീവിതം ഹനിക്കുന്ന തരത്തിലുള്ള കോര്‍പറേഷന്റെ നീക്കം എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്ന നിലപാടിലാണ് പെരുവകയിലെ നാട്ടുകാര്‍. സ്‌റ്റെര്‍വിന്‍ സ്റ്റാനി, എം പി ശശികുമാര്‍, ഫാ. ജോര്‍ജ്, എ എം നിശാന്ത്, റഷീദ് തൃശ്ശിലേരി, ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, അസീസ് വാളാട്, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ജോസ് കമ്മന സംസാരിച്ചു.
Next Story

RELATED STORIES

Share it