Kollam Local

ബിവറേജസിനെതിരേയുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം ; ചവറയില്‍ ഇന്ന് ഹര്‍ത്താല്‍



ചവറ: നീണ്ടകരയിലെ ബിവറേജ് ഔട്ട് ലെറ്റ് തുറന്നതുമായി ബന്ധപ്പെട്ട് നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ഔട്ട്‌ലെറ്റിനു മുന്നില്‍ സമരം നടത്തിയ പ്രതിഷേധക്കാര്‍ ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ വീട് ഉപരോധിച്ചു.  സമരക്കാരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധവുമായി തടിച്ചു കൂടിയ സമരാനുകൂലികള്‍ ദേശീയപാത ഉപരോധിച്ചു. പോലിസ് ബലപ്രയോഗത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ചവറയില്‍ ഇന്ന് ജനകീയ മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങള്‍ക്ക്  തുടക്കം.  നീണ്ടകര വെളിത്തുരുത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതറിഞ്ഞാണ്  സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിച്ചു കൊണ്ട് സമരമുന്നണി ഔട്ട് ലെറ്റിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളോടെ എത്തിയ സമരക്കാരെ ചന്ദ്രവിലാസം പാലത്തില്‍ ചവറ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് തടഞ്ഞു. ഇതിനിടയില്‍ ഔട്ട് ലെറ്റ് വഴി മദ്യ വിതരണം തുടങ്ങിയതോടെ സമരക്കാരും പോലിസും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുനാഗപ്പള്ളി എസിപി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ പാതയോരത്തെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ  സമരം അവസാനിപ്പിച്ച് പിരിഞ്ഞ സമരക്കാര്‍ 11.45 ഓടെ അപ്രതിക്ഷിതമായി  എംഎല്‍ എയുടെ വീട് ഉപരോധിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വാഹനങ്ങളില്‍ എത്തിയ  നൂറ് കണക്കിന് ആള്‍ക്കാര്‍ എംഎല്‍എയുടെ വീട്ടിലെ സിറ്റൗട്ടില്‍ കയറി മുദ്രാവാക്യം വിളികളോടെ ഇരുപ്പുറപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലിസ് ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ കൂട്ടാക്കിയില്ല. ഇതോടെ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. ഒടുവില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ബലപ്രയോഗത്തിലൂടെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റത്. പ്രതിഷേധം ശക്തമായതോടെ പോലിസ് ചെറിയ രീതിയില്‍ ലാത്തി വീശി.  പോലിസ് ലാത്തി വീശിയതിനിടയില്‍ പരിമണം തൈ മൂട്ടില്‍ തെക്കതില്‍ അജയി(16)ന് കൈയ്ക്ക് പരിക്കേറ്റു.സമരക്കാരെ പോലിസ് അറസ്റ്റു ചെയ്തതറിഞ്ഞ്  കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് ചവറ സ്‌റ്റേഷനിലെത്തിയതോടെ രംഗം കൂടുതല്‍ വഷളായി. അറസ്റ്റു ചെയ്തവരെ ചവറ കൂടാതെ കരുനാഗപ്പള്ളി, തെക്കുംഭാഗം സ്‌റ്റേഷനുകളിലാണ് എത്തിച്ചത്. ഇതാടെ പ്രവര്‍ത്തകരെ മുഴുവന്‍ ചവറയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനില്‍ തടിച്ചുകൂടിയവര്‍ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി  സ്‌റ്റേഷനില്‍ എത്തി. അകത്ത് എംപിയുമായി ചര്‍ച്ച നടക്കുന്നതിനിടയില്‍ പുറത്ത് നിന്ന പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സമരക്കാരെ മാറ്റി പോലിസ് വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും നടന്നു.  ഒടുവില്‍ എംപി ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ് ,ബിജെപി ജില്ലാ പ്രസിഡന്റ് ഗോപിനാഥ് എന്നിവര്‍ സ്ഥലത്തെത്തി.  നേതാക്കള്‍ എസിപിയുമായി  നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അറസ്റ്റു ചെയ്തവരെ ജാമ്യത്തില്‍ വിട്ടയക്കാമെന്ന് സമ്മതിച്ചതാടെയാണ് വൈകീട്ട് നാലോടെ പ്രതിഷേധം അവസാനിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകരുമായി സമരക്കാര്‍ പ്രതിഷേധ പ്രകടനവും നടത്തി. സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച  പോലിസ് നടപടിയില്‍ പ്രതിഷേധിച്ച്  ഇന്ന് ചവറ നിയോജക മണ്ഡലത്തില്‍ ജനകീയ മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it