wayanad local

ബിവറേജസിനെതിരായ സമരം: ആദിവാസികളെ പിന്തിരിപ്പിക്കാന്‍ കൂടോത്രം

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സമരം നടത്തുന്ന ആദിവാസി സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ കൂടോത്ര പ്രയോഗം. സമരപ്പന്തലിനു മുന്നിലെ അടുപ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ചിലര്‍ കൂടോത്ര പ്രയോഗത്തിന്റെ ഭാഗമെന്നോണം വെറ്റിലയും മുട്ടയും നൂലും ഉള്ളിയും വച്ചത്.
ഇന്നലെ രാവിലെ എത്തിയ സമരക്കാരാണ് അടുപ്പില്‍ വച്ച കൂടോത്രം കണ്ടത്. രണ്ടു വെറ്റിലകളിലായി ഒരു കോഴിമുട്ടയും ഒരു ഉള്ളിയെ പൊതിയുന്ന രീതിയില്‍ കറുത്ത ചരടുകളുമാണുണ്ടായിരുന്നത്. ആദിവാസി സ്ത്രീകളെ സമരത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാമൂഹികവിരുദ്ധര്‍ ചെയ്തതാണെന്നാണ് നിഗമനം.
ഇതിനു മുമ്പ് സ്ത്രീകള്‍ക്കും സമരക്കാര്‍ക്കുമെതിരേ പോസ്റ്ററിലൂടെ വ്യാജപ്രചാരണം നടത്തുകയും പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.
ഒരാഴ്ച മുമ്പ് പന്തലിലെ അടുപ്പുകളും ചിലര്‍ പൊളിച്ചെറിയുകയുണ്ടായി. ആദിവാസികളില്‍ കൂടോത്രങ്ങള്‍ ഭയപ്പെടുന്നവര്‍ കൂടുതലാണെന്നിരിക്കെ, ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടോത്ര പ്രയോഗമെന്ന് ആദിവാസി ഫോറം പ്രവര്‍ത്തകരായ വെള്ളയും മാക്കയും പറഞ്ഞു. കൂടോത്രത്തെ വകവയ്ക്കാതെ 90ാം ദിവസവും ബിവറേജസിനു മുന്നില്‍ സമരം തുടര്‍ന്നു.
Next Story

RELATED STORIES

Share it