Flash News

ബില്‍ക്കിസ് ബാനു കേസ്‌ : കൂടുതല്‍ കടുത്ത ശിക്ഷ നല്‍കണം- പോപുലര്‍ ഫ്രണ്ട്‌



ന്യൂഡല്‍ഹി: ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ ഗുജറാത്ത് വംശഹത്യക്കാലത്ത് കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ പ്രതികളുടെ ജീവപര്യന്തം തടവ് ശരിവച്ച ബോംബെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതി. വിചാരണക്കോടതി വെറുതെ വിട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചുവെന്നത്  ശ്രദ്ധേയമാണ്. അതേസമയം,  സംഭവത്തിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ ഹീനമായ കുറ്റകൃത്യത്തിലേര്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും കൂടുതല്‍ കടുത്ത ശിക്ഷ നല്‍കേണ്ടതായിരുന്നു. സമാന കേസുകളിലെ കോടതി വിധികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കേസിലെ ശിക്ഷ അപര്യാപ്തമാണ്. നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ ശരിവച്ച സുപ്രിംകോടതി വിധി വ്യക്തമാക്കുന്നത് കൂട്ടബലാല്‍സംഗക്കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയെന്നതാണ് ജുഡീഷ്യറിയുടെ നയമെന്നാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ സിറ്റിങ് ജഡ്ജിയായ  ജ. കര്‍ണന് കോടതി അലക്ഷ്യ കേസില്‍ ആറുമാസം തടവു വിധിച്ചിരിക്കുകയാണ് സുപ്രിംകോടതി. ഇക്കാര്യത്തത്തില്‍ പരമേന്നത നീതിപീഠം സംയമനം പാലിക്കുകയായിരുന്നു ഉത്തമം. ജ.കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്കുള്ള വിലക്ക് വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്.  ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചതു പോലെ ജുഡീഷ്യറിയില്‍ നടമാടുന്ന അഴിമതിയെയും ജാതിവിവേചനങ്ങളെയും കുറിച്ച് പരിശോധിക്കണമെന്ന് നിയമ വൃത്തങ്ങളോടും പൗരസമൂഹത്തോടും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെടുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മുന്‍കൈയെടുത്ത് ഒരു പ്രതിനിധി സംഘം ഈയിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മുസ്‌ലിം വിഷയങ്ങളില്‍ സമുദായ നേതാക്കള്‍ ഏകാഭിപ്രായത്തോടെ നീങ്ങണമെന്നായിരുന്നു മുമ്പ് ചേര്‍ന്നിരുന്ന പ്രതിനിധിയോഗങ്ങളിലുണ്ടായിരുന്ന ധാരണ. സംഘപരിവാര ഗുണ്ടകള്‍ ബിജെപി സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, മുസ്‌ലിംകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭീതിയും അരക്ഷിതബോധവും അകറ്റാന്‍ എന്തു നടപടികളാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതെന്നറിയാന്‍  മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് സമാഹരണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it