Flash News

ബില്ലിനെതിരേ കേന്ദ്ര വനിതാ മന്ത്രാലയം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നല്‍കിയ കാബിനറ്റ് തീരുമാനത്തിനെതിരേ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയവും. മുത്ത്വലാഖ് വഴി വിവാഹമോചനം നടത്തുന്നത് മൂന്നു വര്‍ഷം വരെ ജയിലും പിഴയും ജാമ്യമില്ലാത്ത ക്രിമിനല്‍ക്കുറ്റവുമായി നിയമനിര്‍മാണം നടത്താനുള്ള കരടു ബില്ലിന് കഴിഞ്ഞദിവസം നടന്ന കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിനെതിരേയാണ് മന്ത്രാലയം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ബില്ലിന്റെ കരട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. മിക്ക മന്ത്രാലയങ്ങളും ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും മേനകാ ഗാന്ധിയുടെ വനിതാ-ശിശുവികസന മന്ത്രാലയം ബില്ലിലെ ചില വ്യവസ്ഥകളോട് വിയോജിപ്പ് അറിയിച്ചിരുന്നു. ഇവരുടെ വിയോജിപ്പ് പരിഗണിക്കാതെയാണ് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്. മുത്ത്വലാഖ് വഴി വിവാഹമോചനം നടത്തുന്നത് ക്രൂരമാണെന്നിരിക്കെ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പില്‍ വരുന്നതിനാല്‍ അതിന് പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നാണ് മന്ത്രാലയം വാദിക്കുന്നത്. വകുപ്പ് 498 എ പ്രകാരം, ഒരു സ്ത്രീയുടെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്കു വിധേയയാക്കുകയാണെങ്കില്‍ മൂന്നു വര്‍ഷം വരെ തടവിനും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാണ്. ഈ കുറ്റകൃത്യം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാവുന്നതും ജാമ്യം അനുവദിക്കാത്തതും ഒത്തുതീര്‍പ്പിനു വ്യവസ്ഥയില്ലാത്തതുമാണ്. സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനോ അവളുടെ ജീവനോ അവയവങ്ങള്‍ക്കോ ആരോഗ്യത്തിനോ ഗുരുതരമായ പരിക്കോ അപായമോ ഉണ്ടാവാനോ സാധ്യതയുള്ള മനപ്പൂര്‍വമായ ഏതു നടപടിയും ക്രൂരതയാണ്. കൂടാതെ ഭര്‍ത്താവിന്റെ അന്യായമായ ആവശ്യം നേടുന്നതിനായി ഭാര്യയോടോ അവളുമായി ബന്ധപ്പെട്ട മറ്റൊരാളോടോ ഏതെങ്കിലും വസ്തുവോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ ആവശ്യപ്പെട്ടുകൊണ്ട് പീഡിപ്പിക്കുന്നതും അല്ലെങ്കില്‍ അത്തരം അന്യായമായ ആവശ്യം നിറവേറ്റാത്തതിന്റെ പേരില്‍ പീഡിപ്പിക്കുന്നതും ക്രൂരതയാണ്. ഈ നിയമം നിലനില്‍ക്കെ എന്തിനാണ് മറ്റൊരു നിയമം ഉണ്ടാക്കുന്നതെന്നാണ് വനിതാ മന്ത്രാലയം ചോദിക്കുന്നത്. എന്നാല്‍ ഇതിനോട് കേന്ദ്ര നിയമമന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുത്ത്വലാഖ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥകളില്ലെന്നും അതിനാല്‍ ഒരു പ്രത്യേക നിയമം ആവശ്യമാണെന്നുമുള്ള ബാലിശമായ വാദഗതിയാണ് നിയമമന്ത്രാലയം ഉയര്‍ത്തുന്നത്. എന്നാല്‍, നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന മജിസ്‌ട്രേറ്റ് വഴി ജീവനാംശം നല്‍കുന്നതും മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീക്ക് നല്‍കുന്നതും പുതിയ ബില്ലിനെ ദുര്‍ബലമാക്കുമെന്നാണ് വനിതാ മന്ത്രാലയം പറയുന്നത്. ബില്ലിലെ ഈ രണ്ടു വ്യവസ്ഥകളും വിവാഹമോചനത്തെ നിയമവിധേയമാക്കുമെന്നാണ് മന്ത്രാലയം വാദിക്കുന്നത്. അതേസമയം, വിവാഹമോചനം തീരുമാനമാവുന്നതു വരെ ഭാര്യക്കും കുട്ടികള്‍ക്കും ഉപജീവനമാര്‍ഗത്തിനുള്ള ഒരു അലവന്‍സ് ആയാണ് ഈ ജീവനാംശം പരിഗണിക്കുകയെന്നാണ് നിയമമന്ത്രാലയത്തിന്റെ വാദം.
Next Story

RELATED STORIES

Share it