Idukki local

ബില്ലടച്ചില്ല; തൊടുപുഴ സിവില്‍സ്റ്റേഷന്റെ കറന്റ് കട്ടാക്കി



തൊടുപുഴ: ബില്ലടക്കാത്തതിനെ തുടര്‍ന്ന് തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ ഇന്നലെ സബ് ട്രഷറി, താലൂക്ക് ഓഫിസ്, നിരവധി ജില്ലാ ഓഫീസുകള്‍ എന്നിവയടക്കം 22 പ്രധാന ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുകയുടെ ചെക്ക് പ്രിന്റിങ്ങും മുടങ്ങി. 1.16 ലക്ഷം രൂപയുടെ കുടിശ്ശിക വന്നതായാണ് വൈദ്യുതി ബോര്‍ഡില്‍ നിന്ന് പറയുന്നത്. ആഗസ്റ്റ്, സപ്തംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ കരണ്ട് ബില്ലിലാണ് കുടിശ്ശിക ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. പല ഓഫിസുകളും ബില്‍ തുക അടച്ചിരുന്നെങ്കിലും ഒരേ കണ്‍സ്യൂമര്‍ നമ്പരിലെ കണക്ഷനായതിനാല്‍ എല്ലാവര്‍ക്കും വൈദ്യുതി നഷ്ടമായി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്കോടതിക്ക് പ്രത്യേക കണക്ഷനായതിനാല്‍ പ്രശ്‌നം ബാധിച്ചില്ല. പെന്‍ഷന്റെ കുടിശിക വാങ്ങാന്‍ സബ് ട്രഷറിയില്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ കരണ്ട് പോയതോടെ ട്രഷറിയുടെ പ്രവര്‍ത്തനം ഭാഗികമാക്കേണ്ടി വന്നു. യു.പി.എസില്‍ നിന്നുള്ള വൈദ്യുതിയില്‍ അഞ്ച് കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ തിരക്കേറി വന്നതോടെ ജീവനക്കാരും പെന്‍ഷന്‍കാരും വലഞ്ഞു. ഉച്ച കഴിഞ്ഞപ്പോഴേക്കും ട്രഷറിയല്‍ മുഴുവന്‍ കംപ്യൂട്ടറുകളും പ്രവര്‍ത്തന രഹിതമായി. താലൂക്ക് ഓഫീസിലെ മുപ്പതോളം കംപ്യൂട്ടറുകള്‍ ഒറ്റയടിക്ക് പ്രവര്‍ത്തന രഹിതമായി. ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം മുഴുവന്‍ താളം തെറ്റി. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഫയല്‍ വര്‍ക്കുകളൊക്കെ ചെയ്തത്. ഓഫീസില്‍ പ്രിന്റിങ് നടന്നു കൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചെക്കിന്റെ പ്രിന്റിങ് മുടങ്ങി. അല്‍പ്പം ബുദ്ധിമുട്ടിയാണേലും ചെക്ക് വാങ്ങാനെത്തിയവര്‍ക്ക് നല്‍കാനായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നടന്നില്ല. ലിഫ്റ്റ് വര്‍ക്ക് ചെയ്യാത്തതിനാല്‍ പ്രായമായവരും രോഗികളും വളരെയേറെ ബുദ്ധിമുട്ടി. കുടുംബക്കോടതി ഒഴികയുള്ള സ്ഥാപനങ്ങളിലെ കമക്ഷന്‍ ഒരേ കണ്‍സ്യൂമര്‍ നമ്പരിന്റെ കീഴിലാണ്. ഡെപ്യൂട്ടി കളക്ടറുടെ പേരിലാണ് ഈ കണക്ഷന്‍ എടുത്തിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ ഈ തുക ഓരോ ഓഫീസുകളില്‍ നിന്നും വീതം വെക്കുകയാണ് പതിവ്. ഇവ താലൂക്ക് ഓഫീസില്‍ ശേഖരിച്ച് ബോര്‍ഡില്‍ അടക്കും. എന്നാല്‍ സിവില്‍ സ്‌റ്റേഷനിലെ 11 ഓഫീസുകള്‍ ഇത്തവണത്തെ അടവില്‍ കുടിശിക വരുത്തി. സപ്തംബര്‍ 23, ഒക്ടോബര്‍ 10 തിയ്യതികളില്‍ കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കുമെന്ന് നോട്ടീസ് നല്‍കി. കുടിശിക തീര്‍ക്കാഞ്ഞതിനാല്‍ വ്യാഴാഴ്ച നടപടി എടുക്കുകയായിരുന്നു. താലൂക്ക് അധികൃതര്‍ ഇടക്കൊക്കെ പണം അടക്കാറുണ്ടെങ്കിലും അത് പലിശയിനത്തില്‍ പോകുകയാണെന്നാണ് കെ.എസ്.ഇ.ബി എ.ഇ ജോഷി പറയുന്നത്.
Next Story

RELATED STORIES

Share it