ബിരിയാണിച്ചെമ്പിലെ കുറിയരിക്കഞ്ഞി

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ കളിയാക്കി സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി കെ ഹംസ പറഞ്ഞതാണ് 'ബിരിയാണിച്ചെമ്പില്‍ കുറിയരിക്കഞ്ഞി വയ്ക്കുന്നതു പോലെയാണ്' ഇതെന്ന്. മുസ്‌ലിംലീഗ് നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പരേതനായ യു എ ബീരാന്‍ കോട്ടക്കല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴായിരുന്നു ഹംസാക്കയുടെ കമന്റ്. യു എ ബീരാനും ആര്‍ ബാലകൃഷ്ണപ്പിള്ളയും ദീര്‍ഘകാലം ഒരേസമയം മന്ത്രിമാരും പഞ്ചായത്ത് പ്രസിഡന്റുമാരുമായിരുന്നു. ഇപ്പോള്‍ ഈ പ്രയോഗം ഓര്‍ക്കാന്‍ കാരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വലിയ ജനപ്രതിനിധിയായവരെ കണ്ടപ്പോഴാണ്. ഒറ്റപ്പാലത്തു നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലിമെന്റിലെത്തിയ സിപിഎമ്മിലെ കെ ശിവരാമന്‍ ഇപ്പോള്‍ പഞ്ചായത്തിലേക്ക് വീണ്ടും മല്‍സരിക്കുന്നു. ഇടക്കാലത്ത് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സിലേക്കു ചേക്കേറിയ അദ്ദേഹം അടുത്തകാലത്താണ് സിപിഎമ്മില്‍ മടങ്ങിയെത്തിയത്. അതുപോലെ തന്നെ മുന്‍ എംഎല്‍എമാരായ എട്ടുപേര്‍ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ഥാനാര്‍ഥിക്കുപ്പായം ഇട്ടിട്ടുണ്ട്. ഇവരുടെ പ്രവൃത്തി ബിരിയാണിച്ചെമ്പില്‍ കുറിയരിക്കഞ്ഞി വയ്ക്കുന്നതു പോലെ തന്നെയാണ്. വലിയവരായി ചെറിയവരാവുന്നവരെ കളിയാക്കുന്നതാണ് ഈ പഴഞ്ചൊല്ല്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും സര്‍വോദയ പ്രവര്‍ത്തകനുമായ സി ഹരിദാസിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല. അദ്ദേഹം നിലമ്പൂരില്‍ നിന്ന് ആദ്യം എംഎല്‍എയായി. സത്യപ്രതിജ്ഞയ്ക്കു ശേഷം പത്താം നാള്‍ ആര്യാടന്‍ മുഹമ്മദിനു മന്ത്രിയാവുന്നതിന് നിയമസഭയിലേക്കു മല്‍സരിക്കാന്‍ രാജിവച്ചു. പിന്നീടദ്ദേഹം രാജ്യസഭാംഗമായി. 2005ലെ പൊന്നാനി നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മുന്‍സിപ്പല്‍ ചെയര്‍മാനുമായി. വണ്ടൂരില്‍ നിന്ന് പന്തളം സുധാകരനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ സിപിഎമ്മിലെ എന്‍ കണ്ണന്‍ ഒരേസമയം എംഎല്‍എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ ശേഷം എംപി, എംഎല്‍എ, മന്ത്രി കസേരകളിലെത്തിയവര്‍ നിരവധിയുണ്ട്. എന്നാല്‍, ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുന്നശേഷം പഞ്ചായത്തംഗങ്ങളായി മാറിയവര്‍ തീരെ കുറവാണ്. ഹംസാക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബിരിയാണിച്ചെമ്പില്‍ കുറിയരിക്കഞ്ഞി വച്ചവര്‍ അധികമില്ലെന്നര്‍ഥം.
Next Story

RELATED STORIES

Share it