ബിയര്‍ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് സര്‍ക്കാരിനെ വെട്ടിലാക്കും

എന്‍ എ ശിഹാബ്

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പുതുതായി മൂന്ന് ബിയര്‍ ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് വരുംദിവസങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. കണ്ണൂര്‍ വാരത്ത് ശ്രീധരന്‍ ബ്രൂവറീസ്, പാലക്കാട് എലപ്പുള്ളിയില്‍ അപ്പോളോ ബ്രൂവറീസ്, എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെക് എന്നിവയാണ് പുതുതായി അനുവദിച്ചത്.
തൃശൂരില്‍ ശ്രീചക്രാ ഡിസ്റ്റിലറിക്ക് വിദേശമദ്യ നിര്‍മാണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി. അപേക്ഷ ക്ഷണിക്കാതെയും പരസ്യപ്പെടുത്താതെയും രഹസ്യമായാണ് അംഗീകാരം നല്‍കിയത്. ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ പറയുമ്പോഴും ലൈസന്‍സ് അനുവദിക്കുന്നതായി ഉത്തരവില്‍ വ്യക്തമാണ്. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ചു ലക്ഷം കെയ്‌സ് ബിയര്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്കാണ് ആദ്യമായി അനുമതി നല്‍കിയത്. ജൂണ്‍ 12നായിരുന്നു ഇത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം ഹെക്റ്റര്‍ ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് രണ്ടാമതായി അനുമതി നല്‍കിയത്. ജൂണ്‍ 28നായിരുന്നു ഇത്.
കഴിഞ്ഞ അഞ്ചിനാണ് എറണാകുളം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ബ്രൂവറി സ്ഥാപിക്കുന്നതിന് ലൈസന്‍സ് അനുവദിച്ചത്. ഇതിനായി കിന്‍ഫ്രയുടെ 10 ഏക്കര്‍ സ്ഥലവും സ്വകാര്യ കമ്പനിക്കു കൈമാറി. ബ്രൂവറി റൂള്‍സ് 1967ലെ ചട്ടങ്ങള്‍ അനുസരിച്ചാണ് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്നതിന് കോംപൗണ്ടിങ്, ബെന്റിങ്, ബോട്ടിലിങ് യൂനിറ്റ് സ്ഥാപിക്കാന്‍ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്കും അനുമതി നല്‍കി. ജൂലൈ 12നായിരുന്നു ഇത്.
പുതുതായി അനുവദിച്ച ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കുന്ന എല്ലാ ഉത്തരവുകള്‍ക്കും ആധാരമായി പറയുന്നത് നികുതി വകുപ്പിന്റെ 1999 സപ്തംബര്‍ 29ലെ ഉത്തരവാണ്. എന്നാല്‍, പുതുതായി ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ടതില്ല എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. 1996ല്‍ ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും 125 അപേക്ഷകള്‍ വരുകയും ചെയ്തിരുന്നു. അതു വിവാദമായതിനെ തുടര്‍ന്നാണ് 1999ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടെന്നു തീരുമാനിച്ച് നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.

Next Story

RELATED STORIES

Share it