Flash News

ബിബിന്‍ വധക്കേസ്: ഷാഹിദയ്ക്ക് ജാമ്യം

ബിബിന്‍ വധക്കേസ്: ഷാഹിദയ്ക്ക് ജാമ്യം
X


തിരൂര്‍: ഇസ്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ യുവതിക്ക് ജാമ്യം. ബിബിന്‍ വധക്കേസിലെ ഒന്നാംപ്രതിയെന്ന് പോലിസ് ആരോപിക്കുന്ന എടപ്പാള്‍ അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ (32)യ്ക്കാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നത് മാത്രമാണ് ജാമ്യത്തിനുള്ള ഉപാധി. അഡ്വ. എം പി അബ്ദുല്‍ ലത്തീഫ്, അഡ്വ. കൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് ഷാഹിദയ്ക്ക് വേണ്ടി ഹാജരായത്. അതേ സമയം, ഇന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ തിങ്കളാഴ്ച മാത്രമേ ഇവര്‍ക്ക്് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളു.
ബിബിന്‍ വധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സംഭവം മറച്ചുവച്ചുവെന്നുമുള്ള കുറ്റവുമാണ് ഷാഹിദയ്‌ക്കെതിരേ ചുമത്തിയിരുന്നത്. കേസിലെ 11ാം പ്രതിയാണ് ഷാഹിദ. നേരത്തെ രണ്ടു തവണ തിരൂര്‍ പോലിസ് ആവശ്യപ്പെട്ടതനുസരിച്ച് ഷാഹിദ ചോദ്യംചെയ്യലിനു തിരൂര്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു. രണ്ടു തവണയും ചോദ്യംചെയ്ത ശേഷം അവരെ പോലിസ് വിട്ടയക്കുകയായിരുന്നു.
ഷാഹിദയുടെ അറസ്റ്റ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിപ്പട്ടികയില്‍ ചേര്‍ത്തവരെ കിട്ടാത്തതിന്റെ പേരില്‍ വീട്ടിലുള്ള സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടി നാഷനല്‍ വുമണ്‍സ് ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പോലിസിനെതിരേ സോഷ്യല്‍ മീഡിയയിലും കനത്ത വിമര്‍ശനമാണുയര്‍ന്നത്.

Next Story

RELATED STORIES

Share it