kannur local

ബിപിഎഡ്, എംപിഎഡ് കോഴ്‌സുകള്‍: എന്‍സിടിഇക്കെതിരേ അപ്പീല്‍ നല്‍കും

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കാംപസിലെ കായികപഠന വിഭാഗത്തില്‍ ബിപിഎഡ്, എംപിഎഡ് കോഴ്‌സുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് എന്‍സിടിഇയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇവിടെ ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. 2009-11 കാലയളവില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കായി മേഴ്‌സി ചാന്‍സ് അനുവദിക്കും. 2008നു മുമ്പ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 2017ല്‍ നടത്തിയ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം മെയ് 31നകം പ്രസിദ്ധീകരിക്കും. സര്‍വകലാശാല ഓഫിസ് അറ്റന്‍ഡന്റ് തസ്തികയില്‍ 10 ശതമാനം ഫുള്‍ടൈം സ്വീപ്പര്‍മാരില്‍നിന്ന് പ്രമോഷന്‍ നല്‍കുന്നതിന് ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തും. കുറഞ്ഞ വേതന സ്‌കെയിലില്‍ ജോലിചെയ്യുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കും. കാസര്‍കോട് ഗ്രീന്‍വുഡ്‌സ് കോളജിനെ വനിതാ കോളജ് പദവിയില്‍നിന്ന് മിക്‌സഡ് കോളജ് പദവിയിലേക്ക് മാറ്റും. കുമ്പഡാജെയിലെ ബജാ മോഡല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന് താല്‍ക്കാലിക അഫിലിയേഷന്‍ നല്‍കും. കാസര്‍കോട് ഗവ. കോളജിലെ ബിഎ മലയാളം, ബികോം കോഴ്‌സുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ അനുവദിക്കും. വിദൂര വിദ്യാഭ്യാസത്തിലെ ഉത്തര പേപ്പറുകള്‍ ഹോം വാല്വേഷന്‍ നടത്തുന്നവരുടെ പ്രതിഫലം വര്‍ധിപ്പിക്കും.
അവര്‍ പേപ്പര്‍ ശേഖരിക്കുന്നതിനും തിരിച്ചുനല്‍കുന്നതിനുമായി സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാവുന്ന ദിവസങ്ങളില്‍ യാത്രാബത്ത നല്‍കും. സര്‍വകലാശാല നേരിട്ടുനടത്തുന്ന സ്വാശ്രയ കോഴ്‌സുകളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ് അനുവദിക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കും.
പാലയാട് കാംപസില്‍ ആരംഭിച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ഹോണററി ഡയറക്്ടറായി ബയോ ടെക്‌നോളജി വിഭാഗത്തിലെ ഡോ. എ സാബുവിനെ നിയമിക്കും. സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്ഷേമ വിഷയങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളെ പങ്കെടുപ്പിക്കും. ഇംഗ്ലീഷ് വിഭാഗത്തില്‍ പാര്‍ട്ട്‌ടൈം ഗവേഷകയായ ബി വി മഞ്ജുളയുടെ ഗവേഷണം സംബന്ധിച്ച പരാതികളില്‍ തുടര്‍നടപടികള്‍ക്കായി വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. സര്‍വകലാശാലയിലെ ചരിത്ര-പൈതൃക പഠന വിഭാഗത്തിന്റെ പേര് ചരിത്രവിഭാഗം എന്നും ഗ്രാമീണ-ഗോത്രപഠന വിഭാഗത്തിന്റെ പേര് സോഷ്യോളജി എന്നും പുനര്‍നാമകരണം ചെയ്യാനും തീരുമാനമായി.
Next Story

RELATED STORIES

Share it