ബിനോയിയുടെ തട്ടിപ്പ് ഭരണത്തിന്റെ മറവിലെന്ന് പ്രതിപക്ഷം

എച്ച് സുധീര്‍

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ ആരോപണം പ്രതിരോധിച്ച് ഭരണപക്ഷവും രംഗത്തെത്തിയതോടെ സഭാതലം പ്രക്ഷുബ്ധമായി. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ അക്കര നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കുന്നതിനെ ഭരണപക്ഷം രൂക്ഷമായി എതിര്‍ത്തു. സഭയുമായി ബന്ധമില്ലാത്ത ആളെക്കുറിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് എസ് ശര്‍മ ക്രമപ്രശ്‌നം ഉന്നയിച്ചു. ഈ ആവശ്യം തള്ളിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നോട്ടീസ് അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അനുവാദം നല്‍കി. സഭയുമായി ബന്ധമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന്റെ ഔചിത്യം വിലയിരുത്തി പ്രതിപക്ഷം പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നോട്ടീസ് അവതരിപ്പിക്കുകയായിരുന്നു. നേരത്തേ ഈ വിഷയം സഭയില്‍ വന്നപ്പോള്‍ പറഞ്ഞ മറുപടിയില്‍ കൂടുതലൊന്നും സര്‍ക്കാരിനില്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. സഭാംഗങ്ങളുമായി വിഷയത്തിന് ബന്ധമില്ല. ലോക കേരള സഭയെ ഇകഴ്ത്തിക്കാട്ടാനുള്ള പാഴ്‌വേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബയില്‍ നടന്ന സാമ്പത്തിക ഇടപാടിന് കേരളത്തില്‍ പരിഹാരം കാണാനാവില്ല. വിവാദവുമായി സിപിഎമ്മിനോ സംസ്ഥാന സെക്രട്ടറിക്കോ ഒരുതരത്തിലുമുള്ള ബന്ധമില്ല. ഇത്തരം കാര്യങ്ങള്‍ പാര്‍ലമെന്ററി വേദികളിലല്ല ഉന്നയിക്കേണ്ടത്. അവ ബന്ധപ്പെട്ട നിയമവേദികളില്‍ പരിഗണിച്ച് പരിഹാരമുണ്ടാക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പുലര്‍ത്തേണ്ട മര്യാദ പ്രതിപക്ഷം കാണിക്കണം. ചന്തയില്‍ സംസാരിക്കുന്നതുപോലെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നോട്ടീസ് അവതരിപ്പിച്ച അനില്‍ അക്കര ആവശ്യപ്പെട്ടു. കോടിയേരിയുടെ തട്ടിപ്പുകളാണ് ലോക കേരള സഭയുടെ മുഖ്യ അജണ്ട. ആരോപണം ലോക കേരള സഭയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബിനോയിയുടെ സഹോദരനായ ബിനീഷിന്റെ പേരില്‍ വിദേശത്ത് മൂന്നു കേസുകളുണ്ട്. ദുബയിലേക്ക് പോവാന്‍ യാത്രാവിലക്കുമുണ്ട്. ഇ പി ജയരാജന്റെ മകന്റെ പേരിലും വിദേശത്ത് കേസുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ദുബയില്‍ ബിനീഷ് കോടിയേരി നല്‍കി മടങ്ങിയ ചെക്കിന്റെ പകര്‍പ്പും അനില്‍ അക്കര സഭയില്‍ പ്രദര്‍ശിപ്പിച്ചു.അതിനിടെ, സോളാര്‍ കേസില്‍ മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല  ഓര്‍മിപ്പിച്ചു. ബിനോയിക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജന. സെക്രട്ടറിയാണ് വ്യക്തമാക്കിയത്. നേതാക്കളുടെ മക്കള്‍ ബിസിനസ് ചെയ്യുന്നതില്‍ തെറ്റില്ല. അതു തട്ടിപ്പാവുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it