Kerala Assembly Election

ബിഡിജെഎസ് 37 സീറ്റില്‍ മല്‍സരിക്കും; അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം 27ന്

തിരുവനന്തപുരം: ബിജെപിയും ബിഡിജെഎസും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന ബിഡിജെഎസ് 37 സീറ്റില്‍ ജനവിധി തേടുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപി-ബിഡിജെഎസ് നേതാക്കള്‍ അറിയിച്ചു.
വാമനപുരം, വര്‍ക്കല, കോവളം, കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കായംകുളം, തിരുവല്ല, റാന്നി, കുട്ടനാട്, ചേര്‍ത്തല, അരൂര്‍, വൈക്കം, ഏറ്റുമാനൂര്‍, ഇടുക്കി, ഉടുമ്പന്‍ചോല, പൂഞ്ഞാര്‍, തൊടുപുഴ, പറവൂര്‍, വൈപ്പിന്‍, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണു മല്‍സരിക്കുക.
ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ബിഡിജെഎസിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചത്. കോവളം സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന ബിഡിജെഎസിന്റെ നിലപാടിന് ബിജെപി നേതൃത്വം വഴങ്ങി.
ഇതോടൊപ്പം തര്‍ക്കമുണ്ടായിരുന്ന വര്‍ക്കല, വാമനപുരം, കാഞ്ഞങ്ങാട് സീറ്റുകളിലും ബിഡിജെഎസ് മല്‍സരിക്കും. പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടെങ്കിലും ബിജെപി അംഗീകരിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികളെ മൂന്നുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. 25ന് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കും.
എന്‍ഡിഎ 140 മണ്ഡലങ്ങളിലും മല്‍സരിക്കും. 26നു മുമ്പ് മുന്നണിയിലെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 27ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കുമ്മനം പറഞ്ഞു. ഏപ്രില്‍ ആദ്യവാരം എന്‍ഡിഎ ഘടകകക്ഷികളുടെ അഖിലേന്ത്യ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന വിപുലമായ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മധ്യകേരളത്തില്‍ നടത്തും.
Next Story

RELATED STORIES

Share it