ബിഡിജെഎസ് മലക്കം മറിഞ്ഞു; ഇനി ഉന്നം മാണി

ടോമി മാത്യു

കൊച്ചി: എസ്എന്‍ഡിപിയുമായി കൂട്ടുചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെയും സംഘപരിവാരത്തിന്റെയും മോഹത്തിനു തിരിച്ചടി. ബിജെപിയുമായുള്ള സഹകരണത്തില്‍നിന്നു ബിഡിജെഎസ് പിന്മാറുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമായ സൂചന നല്‍കിയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കു തിരിച്ചടിയായി.
ഇതോടെ കേരള കോണ്‍ഗ്രസ് എമ്മുമായി അടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച് മാണിഗ്രൂപ്പ് നേതൃത്വവുമായി ബിജെപിയുടെ ദൂതന്മാര്‍ പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി നല്‍കുന്നത്. എന്നാല്‍, ബിജെപിയുമായി സഹകരിക്കുന്നതിനോട് മാണി ഗ്രൂപ്പില്‍ എതിര്‍പ്പ് ശക്തമാണ്. പിളര്‍പ്പ് ഭയന്നാണ് മാണി ഇക്കാര്യത്തില്‍ പിന്നോട്ട് വലിയുന്നത്.
കേന്ദ്രത്തില്‍ പ്രതീക്ഷിച്ച സ്ഥാനം ലഭിക്കാത്തതും ബിജെപിക്ക് കേരളത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന ബോധ്യവുമാണ് വെള്ളാപ്പള്ളിയെ കളം മാറ്റാന്‍ പ്രേരിപ്പിച്ചത്. എല്‍ഡിഎഫും എസ്എന്‍ഡിപിയും അകന്നതോടെയാണ് ബിജെപിയും ആര്‍എസ്എസ്സും എസ്എന്‍ഡിപിയുമായി അടുത്തത്. വെള്ളാപ്പള്ളിയുമായി സഹകരിക്കുന്നതിനോടു സംസ്ഥാനത്തെ ബിജെപിയിലെ ഒരു വിഭാഗത്തിനു താല്‍പര്യം ഉണ്ടായിരുന്നില്ല.
ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ ആവേശം പൂണ്ട വെള്ളാപ്പള്ളി വിമോചന യാത്രയ്ക്കിടെ നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വന്‍ വിവാദമായി. ഒപ്പം ശാശ്വതീകാനന്ദയുടെ മരണം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ചര്‍ച്ചയായതും വെള്ളാപ്പള്ളിക്ക് വിനയായി. വെള്ളാപ്പള്ളിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ്സും യുഡിഎഫും മൃദുസമീപനം സ്വീകരിച്ചപ്പോള്‍ സിപിഎം ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മൈക്രോ ഫൈനാന്‍സ് വിഷയത്തില്‍ വിഎസ് യുദ്ധപ്രഖ്യാപനം നടത്തിയതോടെ പിടിച്ചുനില്‍ക്കാനാവാതെ വെള്ളാപ്പള്ളി പിന്‍വാങ്ങുന്ന കാഴ്ചയാണ് കണ്ടത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനോട് എസ്എന്‍ഡിപിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ പാര്‍ട്ടിയിലേക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ സാധിക്കാതെ വന്നതും ബിഡിജെഎസ്സിന് തിരിച്ചടിയായി. ഒടുവില്‍ ബിജെപിയില്‍നിന്ന് അകലുന്നതായി വെള്ളാപ്പള്ളി സൂചന നല്‍കിയതോടെ മാണിഗ്രൂപ്പിനെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it