Flash News

ബിഡിജെഎസ് നിലപാട് ബിജെപിയെ വെട്ടിലാക്കും

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയില്ലെന്നും ബിഡിജെഎസ് പ്രഖ്യാപിച്ചതോടെ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഇതോടെ യുവജന വിഭാഗങ്ങളില്‍നിന്ന് ലഭിച്ചിരുന്ന വോട്ടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവിനും സാധ്യതയേറുന്നു.
കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ കൂടിയ ബിഡിജെഎസ് കേന്ദ്ര കമ്മിറ്റിയാണ് ബിജെപിയെ പടിക്കുപുറത്തു നിര്‍ത്താന്‍ തീരുമാനിച്ചത്. ആറായിരത്തിനടുത്ത് മാത്രം വോട്ടുകളുണ്ടായിരുന്ന ബിജെപി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ 42,000ത്തിലധികം വോട്ടുകള്‍ നേടിയത് ബിഡിജെഎസിന്റെ പിന്‍ബലത്തോടെയെന്ന് വ്യക്തമായതാണ്. ബിഡിജെഎസിന്റെ പ്രവര്‍ത്തകരിലധികവും യുവജനങ്ങള്‍തന്നെ ആയിരുന്നു. ബിഡിജെഎസ് ഉള്‍വലിഞ്ഞതോടെ ഈ യുവാക്കളുടെ വോട്ടും പ്രയത്‌നവും ഇനി ബിജെപിക്ക് കിട്ടാത്ത സ്ഥിതിയാണ്.
മുന്‍ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണയോടെ  ബിജെപി സ്ഥാനാര്‍ഥി പല പ്രദേശങ്ങളിലും പ്രചാരണത്തില്‍ മുന്‍പന്തിയിലെത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇതേ സ്ഥാനാര്‍ഥിതന്നെ ബിഡിജെഎസിനെ തള്ളിപ്പറഞ്ഞ സ്ഥിതിയും ഉണ്ടായിരുന്നു. അന്നു മുതല്‍ ബിഡിജെഎസ് നേതൃത്വത്തിന് പി എസ് ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വം കല്ലുകടിയായിരുന്നു.
ഈ അതൃപ്തി നിലനിലനില്‍ക്കുമ്പോഴാണ് കൂനിന്മേല്‍ കുരുപോലെ ബിഡിജെഎസ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ടെണ്ണം പരമാവധി കുറക്കുക എന്നത് ഇപ്പോള്‍ എതിര്‍ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥികളുടെയോ ലക്ഷ്യത്തേക്കാള്‍ കൂടുതലായി ബിഡിജെഎസിന്റെ നിലനില്‍പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it